വിഴിഞ്ഞം തുറമുഖം (Vizhinjam International Seaport) പോലുള്ള വലിയ പദ്ധതിയെ ആകർഷിക്കാൻ കഴിഞ്ഞത് കേരളത്തെ സംബന്ധിച്ച് അഭിനന്ദനാർഹമായ നേട്ടമാണെന്ന് അദാനി എന്റർപ്രൈസസ് ഡയറക്ടർ പ്രണവ് അദാനി. എബിപി ഐഡിയാസ് ഓഫ് ഇന്ത്യ സമ്മിറ്റിൽ ശശി തരൂർ എംപിയുമായി സംസാരിക്കുകയായിരുന്നു പ്രണവ് അദാനി.

വിഴിഞ്ഞം തന്ത്രപ്രധാനമായ സ്ഥലത്താണ് നിലകൊള്ളുന്നത്. സിംഗപ്പൂർ–മലാക്ക കടലിടുക്കിനും മിഡിൽ ഈസ്റ്റ് തുറമുഖങ്ങളായ ഫുജൈറക്കും, തെക്കായി കൊളംബോയ്ക്കുമിടയിൽ ഉള്ള പ്രധാന കടൽവഴിയിലാണ് വിഴിഞ്ഞം. ഇതുവരെ ഇന്ത്യയിലേക്ക് ലക്ഷ്യമിട്ടിരുന്ന ചരക്കുകൾ കൊളംബോ പോലുള്ള വിദേശ തുറമുഖങ്ങളിലേക്കാണ് ആകർഷിക്കപ്പെട്ടിരുന്നത്. ഇന്ത്യയിൽ തന്നെ തന്ത്രപ്രധാന തുറമുഖം ഉണ്ടാക്കിയത് രാജ്യത്തിനാകെ വലിയ നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖത്തിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും പ്രാദേശിക സമൂഹത്തിൽ നിന്നുള്ള സ്ത്രീകളാണെന്ന് തൊഴിൽസാദ്ധ്യതകളെ കുറിച്ച് വിശദീകരിക്കവേ അദ്ദേഹം പറഞ്ഞു. മത്സ്യതൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള യുവതികൾക്ക് പരിശീലനവും നൈപുണ്യവും നൽകി തുറമുഖ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ന് അവർ മികച്ച രീതിയിൽ ക്രെയ്ൻ ഓപ്പറേഷൻ ഉൾപ്പെടെയുള്ള സാങ്കേതിക ജോലികൾ കൈകാര്യം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തുറമുഖ വികസനം സാധാരണക്കാരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ശക്തിയായി മാറിയതായി ശശി തരൂർ എംപി പറഞ്ഞു. PPP രീതിയിൽ നടപ്പാക്കിയ പദ്ധതി രാജ്യത്തിനു തന്നെ മാതൃകയാണ്. മത്സ്യത്തൊഴിലാളി സമൂഹത്തിനിടയിൽ ഉയർന്നുവന്ന തുറമുഖമെന്ന നിലയിൽ വിഴിഞ്ഞം സന്ദർശന വേളയിലെ പ്രചോദനാത്മകമായ അനുഭവവും അദ്ദേഹം പങ്കുവെച്ചു. മത്സ്യത്തൊഴിലാളിയുടെ മകളായ യുവതി കമ്പ്യൂട്ടർ കൺസോളിലൂടെ ലോകത്തിലെ ഏറ്റവും വലിയ ക്രെയിനുകളിൽ ഒന്നിനെ ജോയ്സ്റ്റിക് ഉപയോഗിച്ച് നിയന്ത്രിക്കുന്ന കാഴ്ച ആഴത്തിൽ സ്വാധീനിച്ചു. സാധാരണ പശ്ചാത്തലത്തിലുള്ളവർ സാങ്കേതിക പരിശീലനത്തിലൂടെ ഉയർന്നുവന്നതാണ് വികസനത്തിന്റെ യഥാർത്ഥ അർത്ഥം. വികസനം വെറും കണക്കുകളല്ലെന്നും മനുഷ്യ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യുവതലമുറയ്ക്ക് ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ആവശ്യമായ നൈപുണ്യ പരിശീലനത്തിൽ കൂടുതൽ നിക്ഷേപം വേണമെന്നും തരൂർ ആവശ്യപ്പെട്ടു. 21-ാം നൂറ്റാണ്ടിലെ തൊഴിലവസരങ്ങൾ കൈകാര്യം ചെയ്യാൻ യുവാക്കളെ തയ്യാറാക്കുന്നത് നിർണായകമാണെന്നും, എല്ലാ പദ്ധതികളിലും വിപുലമായ സ്കില്ലിംഗ് പ്രോഗ്രാമുകൾ ഉൾപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
At ABP Ideas of India 2026, Pranav Adani highlights Vizhinjam Port’s role in reclaiming transshipment trade from Colombo, while Shashi Tharoor MP emphasizes the need for massive skilling investment for locals