കേരളം വീണ്ടും  റബ്ബർ ടാപ്പിംഗിനെ, റബ്ബർ ഷീറ്റിനെ സ്വപ്നം കണ്ടു തുടങ്ങി. ആഭ്യന്തര വിപണിയില്‍ കിലോഗ്രാമിന് 280 രൂപയ്ക്ക് മുകളിലായി തുടരുകയാണ് റബ്ബർ വില. ആഗോള റബ്ബർ വിലയേക്കാൾ മുകളിലെത്തിയതോടെ സംസ്ഥാനത്തു ഒരിടവേളക്ക് ശേഷം  റബ്ബർ ഉല്പാദന മേഖല വീണ്ടും സജീവമായിരിക്കുന്നു.   ടയര്‍ നിര്‍മാണ കമ്പനികള്‍, വാഹന വ്യവസായം, വ്യാവസായിക റബര്‍ ഉല്‍പന്ന നിര്‍മാതാക്കള്‍ എന്നിവരുടെ സ്ഥിരതയുള്ള വാങ്ങലോടെ  രാജ്യത്ത് പ്രകൃതിദത്തറബ്ബറിന്റെ ഉപഭോഗം   വിപണിക്ക് കരുത്താകുകയാണ്.

പതിവായി  ആഗോള വിപണിയിലെ വിലക്കയറ്റ ഇറക്കങ്ങളാണ് നാടന്‍ റബര്‍ വിലയെ നിയന്ത്രിക്കാറുള്ളത്. എന്നാല്‍, ഇന്ത്യയിലെ ശക്തമായ ആഭ്യന്തര ഡിമാന്‍ഡും ടയര്‍ വ്യവസായ മേഖലയുടെ ഉല്പാദന ക്ഷമത വർധിപ്പിച്ചതുമൊക്കെ റബ്ബർ  വിപണിക്ക് കരുത്തേകി. ഒരാഴ്ച മുമ്പ് വരെ അന്താരാഷ്ട്ര റബ്ബർ വിലയായിരുന്നു മുകളില്‍.  നിലവില്‍ ബാങ്കോക്ക് വില കിലോഗ്രാമിന് 270 രൂപയിലാണ്. ആര്‍എസ്എസ്4 റബറിന് കിലോഗ്രാമിന് ഏകദേശം 284 രൂപ വരെയാണ് നിലവില്‍ ലഭിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ റബര്‍ നിരക്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കാണിത്.  

റബര്‍ കര്‍ഷകര്‍ക്ക് കുറഞ്ഞത് കിലോഗ്രാമിന് 250 രൂപ ഉറപ്പാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ റബര്‍ ഉത്പാദന പ്രോത്സാഹന പദ്ധതിയും കര്‍ഷകര്‍ക്ക് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്.  

  കേരളത്തിലെ റബ്ബർ കര്‍ഷകര്‍ക്ക്  കൈവിട്ടു പോയ പ്രതാപത്തിന്റെ തുടക്കമായി വീണ്ടും സുവര്‍ണകാലം എത്തുന്നു എന്ന പ്രതീക്ഷയാണ്.  മികച്ച വിലയും അനുകൂല കാലാവസ്ഥയും കേന്ദ്ര സര്‍ക്കാരിന്റെ ഉത്പാദന പ്രോത്സാഹന പദ്ധതികളും ഉത്പാദകർ പ്രോത്സാഹിപ്പിച്ചു തുടങ്ങി. ഫലമോ വിലയിടിവിനെ തുടർന്ന് ടാപ്പിംഗ് ഉപേക്ഷിച്ചു  വര്‍ഷങ്ങളായി കാടുമൂടി കിടന്നതും അവഗണിക്കപ്പെട്ടിരുന്നതുമായ നിരവധി റബര്‍ തോട്ടങ്ങളില്‍ വീണ്ടും ടാപ്പിംഗ് തുടങ്ങി. ഈ വര്‍ഷം ലഭിച്ച അനുകൂലമായ മഴയും കാലാവസ്ഥയും റബര്‍ മരങ്ങളുടെ വളര്‍ച്ചയ്ക്കും ലാറ്റക്സ് ഉത്പാദനത്തിനും ഗുണകരമാണെന്ന് മേഖലാ വിദഗ്ധര്‍ വിലയിരുത്തുന്നു. റബര്‍ ബോര്‍ഡിന്റെ റെയിന്‍ ഗാര്‍ഡിങ്, ശാസ്ത്രീയ ടാപ്പിങ്, മെച്ചപ്പെട്ട തോട്ടപരിപാലനം എന്നിവ കൂടുതല്‍ കര്‍ഷകര്‍ സ്വീകരിച്ചതും ഉത്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.  ടാപ്പിങ് തൊഴിലാളികള്‍, ഷീറ്റ് നിര്‍മാണ യൂണിറ്റുകള്‍, റബര്‍ വ്യാപാരികള്‍, ചെറുകിട സംസ്‌കരണ കേന്ദ്രങ്ങള്‍ തുടങ്ങിയ പ്രതീക്ഷ മങ്ങി കിടന്നിരുന്ന മേഖലകളും സജീവമാണ്.

പ്രധാന റബര്‍ ഉത്പാദക രാജ്യങ്ങളായ തായ്ലന്‍ഡ്, ഇന്തോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ ഉത്പാദനം വര്‍ധിച്ചതും ആഗോള വിപണിയില്‍ ലഭ്യത കൂട്ടിയിട്ടുണ്ട്.  
  ഉയര്‍ന്ന ഇറക്കുമതി ചെലവും മറ്റ് ഘടകങ്ങളും ആഭ്യന്തര റബറിന്റെ മത്സരക്ഷമത വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതാണ് കേരളത്തിലെ വിപണിയില്‍ മികച്ച വില തുടരാന്‍ സഹായിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്.

Natural rubber prices in Kerala cross ₹280/kg for RSS4, outperforming international markets like Bangkok amid strong demand from tire manufacturers and domestic support schemes

Share.
Leave A Reply

Exit mobile version