മുടിവെട്ടി നശിപ്പിച്ചെന്ന് കാണിച്ച് സലൂണിനെതിരെ 5.2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ 25 ലക്ഷം രൂപ നൽകാൻ വിധിച്ച് സുപ്രീം കോടതി. സംഭവത്തിൽ മോഡലായ യുവതിക്ക് രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ് റദ്ദാക്കിയാണ് കോടതി സലൂൺ നിലവിൽ കെട്ടിവെച്ച 25 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് വിധിച്ചിരിക്കുന്നത്.

ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ സലൂണിനെതിരെയാണ് മോഡൽ ആഷ്ന റോയി പരാതി നൽകിയത്. 2018ലായിരുന്നു പരാതിക്കിടയായ സംഭവം. മുടിയുടെ അറ്റത്തുനിന്ന് നാല് ഇഞ്ച് വെട്ടണമെന്ന നിർദേശം നൽകിയെങ്കിലും നാല് ഇഞ്ച് മാത്രം ബാക്കിയാക്കി മുടി വെട്ടിക്കളഞ്ഞു എന്നായിരുന്നു പരാതി. സംഭവത്തിനു പിന്നാലെ തനിക്ക് സിനിമകളിലും മോഡലിങ്ങിലും അവസരങ്ങൾ നഷ്ടപ്പെട്ടെന്നും ഇത് സാമ്പത്തിക പ്രതിസന്ധിയിലേക്കും മാനസിക സമ്മർദത്തിലേക്കും വിഷാദത്തിലേക്കും വരെ നയിച്ചുവെന്നും പരാതിക്കാരി ഉന്നയിച്ചിരുന്നു.
5.2 കോടിയാണ് ആഷ്ന റോയി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നതെങ്കിലും ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ രണ്ട് കോടി എന്ന തുകയിലേക്ക് എത്തുകയായിരുന്നു. എന്നാൽ മുടിവെട്ടിയത് കാരണം അവസരങ്ങളും വരുമാനവും നഷ്ടപ്പെട്ടെന്ന് തെളിയിക്കുന്നതിൽ മോഡൽ പരാജയപ്പെട്ടെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. ഇതിനു പിന്നാലെ മുൻ കോടതി ഉത്തരവുകൾ പ്രകാരം സ്ഥാപനം ഇതിനകം കെട്ടിവെച്ച 25 ലക്ഷം രൂപ അന്തിമ നഷ്ടപരിഹാരമായി നൽകാൻ കോടതി വിധിക്കുകയായിരുന്നു.
The Supreme Court has ordered a ₹25 lakh compensation for model Aashna Roy in the infamous ‘bad haircut’ case against a luxury salon. The court reduced the initial ₹2 crore award, citing lack of evidence for the ₹5.2 crore loss claimed.
