രാജ്യത്തെ ഏറ്റവും പ്രമുഖ ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നാണ് ടാറ്റ ഗ്രൂപ്പ്. നിരവധി പ്രശസ്തമായ പേരുകൾ ഗ്രൂപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. കുടുംബത്തിലെ ഇളയ അംഗങ്ങളിൽ ഒരാളും ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയുടെ മകളുമായ മായ ടാറ്റ (Maya Tata), പൊതുജനശ്രദ്ധയിൽ നിന്ന് അകന്നു നിൽക്കുമ്പോഴും ഗ്രൂപ്പിൽ തന്റെ കരിയർ കെട്ടിപ്പടുക്കുകയാണ്. ടാറ്റയിൽ നിരവധി പ്രധാനപ്പെട്ട റോളുകളും ഉത്തരവാദിത്തങ്ങളും ഏറ്റെടുത്തിട്ടുള്ള അവർ അടുത്തിടെ ടാറ്റ ഗ്രൂപ്പ് സ്ഥാപക ദിനത്തിൽ നടന്ന പരിപാടിയിലും ശ്രദ്ധ നേടി.
നോയൽ ടാറ്റയുടെ മൂന്നു മക്കളിൽ ഒരാളായ മായ നിലവിൽ സർ രത്തൻ ടാറ്റ ഇൻഡസ്ട്രിയൽ ഇൻസ്റ്റിറ്റ്യൂട്ട് ട്രസ്റ്റിയാണ്. 35 കാരിയായ മായയ്ക്ക് ടാറ്റ ഗ്രൂപ്പിനുള്ളിൽ തന്നെ ചുരുങ്ങിയ കാലം കൊണ്ട് കരിയറിൽ പുരോഗതി കൈവരിക്കാൻ സാധിച്ചു. ബയേസ് ബിസിനസ് സ്കൂൾ, വാർവിക് സർവകലാശാല എന്നിവിടങ്ങളിൽ നിന്നുമാണ് മായ പഠനം പൂർത്തിയാക്കിയത്. ടാറ്റ ഓപ്പർച്യുണിറ്റീസ് ഫണ്ടിൽ ജോലി ചെയ്തിരുന്ന കാലത്ത് പോർട്ട്ഫോളിയോ മാനേജ്മെന്റിലും നിക്ഷേപക ബന്ധങ്ങളിലും അവർ വലിയ സംഭാവനകൾ നൽകി. നിക്ഷേപ സാധ്യതകൾ വിലയിരുത്തുന്നതിലും ഓഹരി ഉടമകളുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്നതിലും പുലർത്തിയ മികവ് പ്രത്യേകം ശ്രദ്ധനേടി.
ചുരുങ്ങിയ കാലത്തെ പ്രവർത്തനപരിചയത്തിലൂടെ തന്നെ ടാറ്റ ഗ്രൂപ്പിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിക്കാൻ പ്രാപ്തിയുള്ള വ്യക്തിയായി മായ മാറി. ടാറ്റ ഗ്രൂപ്പ് ചെയർമാനായിരുന്ന സൈറസ് മിസ്ത്രിയുടെ സഹോദരിയാണ് മായയുടെ അമ്മ ആലു മിസ്ത്രി. സൈറസ് മിസ്ത്രിയുടെ ഭാര്യ രോഹിഖ മിസ്ത്രിയാവട്ടെ ഏകദേശം 77000 കോടി രൂപയുടെ ആസ്തിയുമായി ഇന്ത്യയിലെ ഏറ്റവും ധനികരായ സ്ത്രീകളുടെ പട്ടികയിൽ മുൻനിരയിലുണ്ട്. ഇങ്ങനെ വ്യവസായങ്ങൾക്കൊപ്പം കുടുംബ ബന്ധങ്ങളിലൂടെയും രാജ്യത്തിന്റെ കോർപ്പറേറ്റ് മേഖലയുമായി ആഴത്തിൽ വേരുന്നിയ അനുഭവസമ്പത്താണ് മായയ്ക്കുള്ളത്.
ടാറ്റ ഡിജിറ്റലിലും വ്യക്തിമുദ്ര പതിപ്പിക്കാൻ മായയ്ക്ക് സാധിച്ചു. സേവനങ്ങൾ സമന്വയിപ്പിക്കുക, ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയുള്ള ടാറ്റ ന്യൂ ആപ്പ് രൂപീകരണത്തിൽ മായ നിർണായക പങ്കുവഹിച്ചു. മെഡിക്കൽ സെന്റർ ട്രസ്റ്റ് ബോർഡ് അംഗം എന്ന നിലയിൽ രോഗികൾക്ക് ഉയർന്ന നിലവാരമുള്ള പരിചരണം ഉറപ്പാക്കുന്നതിനുള്ള നയങ്ങൾ രൂപീകരിക്കുന്നതിലും തീരുമാനങ്ങൾ എടുക്കുന്നതിനുമുള്ള പാടവവും ടാറ്റാ ഗ്രൂപ്പിലെ ഉയർന്നുവരുന്ന നേതൃമുഖമായി മായയെ മാറ്റുന്നു.
Discover Maya Tata’s journey from Tata Digital to becoming a trustee at Tata Trusts. Learn about the 35-year-old leader’s role in shaping the future of the Tata empire.
