പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അന്താരാഷ്ട്ര തലത്തിൽ ഗ്യാസ് വിതരണത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ഗാർഹിക ഉപഭോക്താക്കൾക്കും വാഹന ഉടമകൾക്കും അധിക ബാധ്യത വരുത്തില്ലെന്ന് വ്യക്തമാക്കി അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ് (ATGL). വീടുകളിലേക്ക് പൈപ്പ് വഴി നേരിട്ടെത്തിക്കുന്ന പാചകവാതകത്തിൻ്റെയും (PNG) വാഹനങ്ങൾക്കുള്ള സിഎൻജിയുടെയും വിലയിൽ മാറ്റമുണ്ടാകില്ല. കമ്പനി വിതരണം ചെയ്യുന്ന ഗ്യാസിൻ്റെ 70 ശതമാനവും ആഭ്യന്തര സ്രോതസ്സുകളിൽ നിന്നുള്ളതായതിനാലാണ് ഈ വിഭാഗങ്ങളിൽ വില വർധന ഒഴിവാക്കാൻ സാധിക്കുന്നതെന്നും അദാനി ടോട്ടൽ ഗ്യാസ് പ്രതിനിധി അറിയിച്ചു.

അതേസമയം, സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടത് എൽഎൻജി ഇറക്കുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. അദാനി ടോട്ടൽ ഗ്യാസിന്റെ വിതരണത്തിൻ്റെ ബാക്കി 30 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിൽ വാണിജ്യ-വ്യാവസായിക ഉപഭോക്താക്കൾ അവരുടെ സാധാരണ കരാർ വിതരണത്തിൻ്റെ 40 ശതമാനമായി ഉപയോഗം പരിമിതപ്പെടുത്തണമെന്ന് കമ്പനി നിർദ്ദേശിച്ചു.
40 ശതമാനം വരെയുള്ള ഗ്യാസ് ഉപയോഗത്തിന് പഴയ കരാർ നിരക്കായ ശരാശരി യൂണിറ്റിന് 40 രൂപ എന്ന നിലയിൽത്തന്നെ തുടരും. എന്നാൽ ഈ പരിധിക്കു മുകളിൽ ഉപയോഗിക്കുന്ന ഗ്യാസിന് സ്പോട്ട് മാർക്കറ്റ് നിരക്കായ 119 രൂപ നൽകേണ്ടി വരും. അന്താരാഷ്ട്ര വിപണിയിൽ എൽഎൻജി വില മുൻപത്തേക്കാൾ ഇരട്ടിയായി വർധിച്ചതാണ് (10 ഡോളറിൽ നിന്ന് 25 ഡോളറായി) ഈ വില വ്യത്യാസത്തിന് കാരണം.
Adani Total Gas (ATGL) shields domestic users from West Asian tensions by keeping PNG and CNG prices unchanged. However, industrial rates for excess usage have spiked due to rising LNG costs.
