തമിഴ്‌നാടിനെ ദക്ഷിണേന്ത്യയിലെ സുപ്രധാന ട്രാൻസ്‌ഷിപ്പ്‌മെന്റ് കേന്ദ്രമാക്കി മാറ്റുന്നതിനായുള്ള വമ്പൻ നീക്കവുമായി തൂത്തുക്കുടി വി.ഒ. ചിദംബരനാർ തുറമുഖം (VOC Port). ഇതുമായി ബന്ധപ്പെട്ട ഔട്ടർ ഹാർബർ പദ്ധതിയിൽ ₹15000 കോടി നിക്ഷേപിക്കുമെന്ന് വിഒസി പോർട്ട് പ്രതിനിധിയെ ഉദ്ധരിച്ച് ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു. തുറമുഖത്തിന്റെ മൊത്തത്തിലുള്ള ചരക്ക് കൈകാര്യം ചെയ്യൽ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാന നീക്കം കൂടിയാണിത്. ഔട്ടർ ഹാർബർ പദ്ധതി നിക്ഷേപത്തിലൂടെ ശ്രീലങ്ക, സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ അന്താരാഷ്ട്ര കേന്ദ്രങ്ങളുമായി മത്സരിക്കുകയാണ് തുറമുഖത്തിന്റെ ലക്ഷ്യം.

തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനും ക്ലീൻ പ്രൊജക്റ്റ്സ്, ന്യൂ ഏജ് ടെക്നോളജി എന്നിവയുടെ വിന്യാസത്തിനുമായി നീക്കിവെച്ചിരിക്കുന്ന ₹1500 കോടി മൂലധനത്തിന് പുറമെയാണ് ഈ നിക്ഷേപമെന്ന് വിഒസി തുറമുഖ അതോറിറ്റി ചെയർപേഴ്‌സൺ സുശാന്ത് കുമാർ പുരോഹിത് വ്യക്തമാക്കി. തമിഴ്‌നാടിന്റെ തെക്കൻ ഭാഗത്തുള്ള തൂത്തുക്കുടിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലൊന്നാണ് വിഒ ചിദംബരനാർ തുറമുഖം. പ്രതിവർഷം 82 ദശലക്ഷം ടൺ (MTPA) വാർഷിക ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയുള്ള തുറമുഖമാണിത്.
V.O. Chidambaranar (VOC) Port in Tuticorin announces a ₹15,000 crore investment for its Outer Harbour project to compete with global hubs like Singapore and Colombo.
