തന്റെ സ്വത്തിന്റെ 75 ശതമാനം ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ച് വേദാന്ത ഗ്രൂപ്പ് (Vedanta group) ചെയർമാൻ അനിൽ അഗർവാൾ (Anil Agarwal) അടുത്തിടെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സമ്പത്തിന്റെ 75% സമൂഹത്തിന് സംഭാവന ചെയ്യുമെന്നും പ്രൊമോട്ടർ എന്ന പദവിയിൽ നിന്ന് മാറി ട്രസ്റ്റിയായി സേവനമനുഷ്ഠിക്കുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇപ്പോൾ തന്റെ വളർച്ചാവഴിയെക്കുറിച്ചുള്ള സമൂഹമാധ്യമ പോസ്റ്റിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് അദ്ദേഹം.

തന്റെ വിജയമന്ത്രം വലിയ തന്ത്രങ്ങളിലോ ആകർഷകമായ തീരുമാനങ്ങളിലോ ആയിരുന്നില്ല എന്നും ചെറിയ കാര്യങ്ങൾ കൃത്യമായി പിന്തുർന്നതിലൂടെ സാധ്യമായതാണെന്നും അദ്ദേഹം പറയുന്നു. സമയത്ത് മീറ്റിംഗുകളിൽ എത്തുക, ഓരോ വിവരവും ശ്രദ്ധാപൂർവ്വം പഠിക്കുക, തയ്യാറെടുപ്പോടെ പ്രവർത്തിക്കുക, ഒരു അവസരവും നഷ്ടപ്പെടുത്താതിരിക്കുക തുടങ്ങിയ ലളിതമായ ശീലങ്ങളാണ് പിന്നീട് വലിയ വിജയങ്ങൾക്ക് അടിസ്ഥാനം ഒരുക്കിയത്. ചെറിയ ജോലികൾ വലിയ വാതിലുകൾ തുറക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, സ്ഥിരതയും വിശദാംശങ്ങളിലേക്കുള്ള ശ്രദ്ധയുമാണ് വേദാന്തയുടെ വളർച്ചയ്ക്ക് പിന്നിലെ യഥാർത്ഥ രഹസ്യമെന്നും കൂട്ടിച്ചേർത്തു. ഫോർബ്‌സിന്റെ കണക്കനുസരിച്ച്, അനിൽ അഗർവാളിന്റെ ആസ്തി 4.7 ബില്യൺ ഡോളറാണ് (ഏകദേശം 39,950 കോടി രൂപ) അനിൽ അഗർവാളിന്റെ ആസ്തി.
അടുത്തിടെ അനിൽ അഗർവാളിന്റെ ഏക മകൻ അഗ്നിവേശ് അഗർവാൾ സ്കീയിംഗ് അപകടത്തിൽപ്പെട്ട് യുഎസ്സിൽ അന്തരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം സ്വത്തിന്റെ 75 ശതമാനം ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.
Vedanta Chairman Anil Agarwal shares how simple habits like punctuality and preparation fueled his billionaire journey. Discover his philosophy on growth and philanthropy