ഇഷ്ടപ്പെട്ട ചെരുപ്പ് ധരിക്കാൻ കാലിലെ വിയർപ്പ് നിങ്ങൾക്ക് തടസ്സമാകുന്നുണ്ടോ? പരീക്ഷ എഴുതുമ്പോൾ കൈ വിയർത്ത് പേപ്പർ നനയുന്നതും എഴുത്ത് തെളിയാത്തതും നിങ്ങളെ വലയ്ക്കുന്നുണ്ടോ? ആത്മവിശ്വാസത്തോടെ ഒരാൾക്ക് ഹസ്തദാനം നൽകാൻ പോലും മടി തോന്നുന്ന അവസ്ഥയുണ്ടോ? എങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒന്നാണ് ‘ഹൈപ്പർഹൈഡ്രോസിസ്’ (Hyperhidrosis) എന്ന അവസ്ഥ. കഠിനമായ വ്യായാമത്തിന് ശേഷമോ വെയിലത്തോ വിയർക്കുന്നത് സ്വാഭാവികമാണ്. എന്നാൽ എസി മുറിയിലോ തണുപ്പുള്ള സാഹചര്യത്തിലോ പോലും ശരീരം അമിതമായി വിയർക്കുന്നുണ്ടെങ്കിൽ അത് ഹൈപ്പർഹൈഡ്രോസിസ് ആകാം.
ശരീരതാപനില നിയന്ത്രിക്കാൻ വിയർപ്പുഗ്രന്ഥികൾ അമിതമായി ഉത്തേജിപ്പിക്കപ്പെടുന്നതാണ് ഇതിന് കാരണം. ജനസംഖ്യയിലെ 3 മുതൽ 5 ശതമാനം വരെ ആളുകളെ ബാധിക്കുന്ന ഈ അവസ്ഥ പലപ്പോഴും അവഗണിക്കാവുന്ന ചെറിയ പ്രശ്നം എന്നതിനപ്പുറം വ്യക്തിയുടെ ആത്മവിശ്വാസത്തെയും സാമൂഹിക ജീവിതത്തെയും പ്രതികൂലമായി ബാധിക്കാറുണ്ട്. ഇതിനെ പ്രധാനമായും പ്രൈമറി ഫോക്കൽ ഹൈപ്പർഹൈഡ്രോസിസ് (ജനിതക കാരണങ്ങളാൽ ഉള്ളത്), സെക്കൻഡറി ഹൈപ്പർഹൈഡ്രോസിസ് (പ്രമേഹം, തൈറോയ്ഡ് തുടങ്ങിയ അസുഖങ്ങൾ കാരണം ഉണ്ടാകുന്നത്) എന്നിങ്ങനെ രണ്ടായി തിരിക്കാം. വസ്ത്രങ്ങളിലെ വിയർപ്പ് പാടുകൾ, ഉപകരണങ്ങൾ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ട്, സോഷ്യൽ ആൻക്സൈറ്റി എന്നിവ ഹൈപ്പർഹൈഡ്രോസിസ് ഉള്ളവർ നേരിടുന്ന പ്രധാന വെല്ലുവിളികളാണ്.
ചികിത്സാരീതികൾ
അമിത വിയർപ്പ് കാരണം ആത്മവിശ്വാസം കുറഞ്ഞുകൊണ്ടിരിക്കുന്നവരാണെങ്കിൽ വിദഗ്ധ ചികിത്സ തേടാൻ മടിക്കരുത്. രക്തപരിശോധനകളിലൂടെയടക്കം രോഗനിർണ്ണയം നടത്തിയ ശേഷം ഡോക്ടർമാർ ഉചിതമായ ചികിത്സ നിർദ്ദേശിക്കും. ആന്റിപെർസ്പിറന്റുകൾ, അയോണ്ടോഫോറെസിസ് (വൈദ്യുത പ്രവാഹം ഉപയോഗിച്ചുള്ള രീതി), ബോട്ടുലിനം ടോക്സിൻ (ബോടോക്സ് കുത്തിവെപ്പുകൾ) എന്നിവയാണ് പ്രാഥമിക ചികിത്സകൾ. ഇതിൽ ബോടോക്സ് കുത്തിവെപ്പുകളുടെ ഫലം 6 മുതൽ 24 മാസം വരെ നീണ്ടുനിൽക്കും.
താക്കോൽദ്വാര ശസ്ത്രക്രിയ (VATS)
മറ്റ് ചികിത്സകൾ ഫലിക്കാത്ത സാഹചര്യത്തിലാണ് ‘വീഡിയോ അസിസ്റ്റഡ് തൊറാക്കോസ്കോപ്പിക് സിമ്പതിക്കോട്ടമി’ (VATS) എന്ന നൂതന താക്കോൽദ്വാര ശസ്ത്രക്രിയ നിർദ്ദേശിക്കുന്നത്. കക്ഷത്തിന് താഴെ ചെറിയ ദ്വാരങ്ങളുണ്ടാക്കി എച്ച്ഡി ക്യാമറകളുടെ സഹായത്തോടെ വിയർപ്പിന് കാരണമാകുന്ന നാഡികളെ കണ്ടെത്തിയാണ് ഈ ചികിത്സ നടത്തുന്നത്. ഈ ശസ്ത്രക്രിയ പ്രധാനമായും കൈപ്പത്തിയിലെയും കക്ഷത്തിലെയും വിയർപ്പിനാണ് ശാശ്വത പരിഹാരം നൽകുന്നത്.
ഹൈ-ഡെഫനിഷൻ ക്യാമറകൾ ഉപയോഗിക്കുന്നതിനാൽ ചുറ്റുമുള്ള ടിഷ്യൂസിന് പരിക്കേൽക്കാതെ സിമ്പതറ്റിക് നാഡികൾ കൃത്യമായി കണ്ടെത്താൻ സാധിക്കും. രക്തനഷ്ടം കുറവാണ് എന്നതിനൊപ്പം പേശികൾ മുറിക്കാത്തതിനാൽ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വേദനയില്ലായ്മയുമാണ് ഈ രീതിയുടെ സവിശേഷത. ഇതോടൊപ്പം വേഗത്തിലുള്ള സുഖം പ്രാപിക്കൽ, മുറിപ്പാടുകൾ കുറവ് തുടങ്ങിയ ഗുണങ്ങളുമുണ്ട്. ശസ്ത്രക്രിയ ചെയ്ത ഭാഗത്തിന് പകരം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ കൂടുതൽ വിയർപ്പ് വരുന്ന ‘കോമ്പൻസേറ്ററി ഹൈപ്പർഹൈഡ്രോസിസ്’ എന്ന സങ്കീർണ്ണത ചിലരിൽ കണ്ടേക്കാം.
Struggling with sweaty palms and social anxiety? Learn about Hyperhidrosis and the advanced VATS keyhole surgery offered at Apollo Adlux Hospital, Angamaly.
