പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിതരണത്തിലുണ്ടായ കുറവ് ഇന്ത്യയിലെ റസ്റ്റോറന്റ്, ഐടി മേഖലകളെ സാരമായി ബാധിക്കുന്നു. പാചകവാതക ക്ഷാമം രൂക്ഷമായതോടെ റസ്റ്റോറന്റുകൾ അടച്ചുപൂട്ടുന്നത് ദശലക്ഷക്കണക്കിന് ഡെലിവെറി തൊഴിലാളികളുടെ (Gig Workers) വരുമാനത്തെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അതേസമയം, പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസ് തങ്ങളുടെ കാമ്പസുകളിലെ ഭക്ഷണ മെനുവിൽ നിയന്ത്രണം ഏർപ്പെടുത്തി.

ഗിഗ് തൊഴിലാളികളുടെ വരുമാനം നിലയ്ക്കുന്നു
വാണിജ്യ ഗ്യാസ് ലഭ്യത കുറഞ്ഞതോടെ ബെംഗളൂരു, മുംബൈ, പുണെ തുടങ്ങിയ നഗരങ്ങളിൽ നൂറുകണക്കിന് റസ്റ്റോറന്റുകളാണ് ഇതിനോടകം അടച്ചുപൂട്ടിയത്. ഇത് സൊമാറ്റോ (Zomato), സ്വിഗ്ഗി (Swiggy) തുടങ്ങിയ പ്ലാറ്റ്ഫോമുകളെ ആശ്രയിച്ച് കഴിയുന്ന ലക്ഷക്കണക്കിന് ഡെലിവെറി പങ്കാളികളെ പ്രതിസന്ധിയിലാക്കി. ഓർഡറുകൾ കുറയുന്നത് തങ്ങളുടെ നിത്യവരുമാനത്തെ ബാധിക്കുന്നതായി ഗിഗ് തൊഴിലാളി യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു.
ഇൻഫോസിസ് കാമ്പസുകളിൽ നിയന്ത്രണം
ബെംഗളൂരു, ചെന്നൈ, പുണെ കാമ്പസുകളിലെ ഭക്ഷണശാലകളിൽ എൽപിജി ക്ഷാമം കാരണം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ഇൻഫോസിസ് ജീവനക്കാരെ അറിയിച്ചിരിക്കുകയാണ്. ലൈവ് കുക്കിംഗ് കൗണ്ടറുകൾ (ദോശ, ഓംലെറ്റ് തുടങ്ങിയവ) താൽക്കാലികമായി നിർത്തിവെച്ചു. നിലവിൽ വിപണിയിൽ നിന്ന് പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ എത്തിച്ചും, ഇൻഡക്ഷൻ കുക്കറുകൾ, ബയോഗ്യാസ് എന്നിവ ഉപയോഗിച്ചുമാണ് പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്നത്. അത്യാവശ്യക്കാർ വീട്ടിൽ നിന്ന് ഭക്ഷണം കരുതണമെന്നും കമ്പനി നിർദ്ദേശിച്ചിട്ടുണ്ട്.
The West Asia conflict-induced LPG shortage hits India’s IT hubs. Infosys trims menus in Bengaluru, Pune, and Chennai, while restaurant closures leave Zomato and Swiggy delivery partners in a financial crunch.
