രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി (ABSS) ദ്രുതഗതിയിൽ പുരോഗമിക്കുന്നു. പദ്ധതിയുടെ ഭാഗമായി ഇതുവരെ 180 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയെ അറിയിച്ചു. രാജ്യത്തുടനീളം 1,337 സ്റ്റേഷനുകളെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.

സ്റ്റേഷനുകളിലെ യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായുള്ള ദീർഘകാല ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വെയിറ്റിംഗ് ഹാളുകൾ, ടോയ്ലെറ്റുകൾ എന്നിവയുടെ നവീകരണം, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, വീതിയേറിയ ഫൂട്ട് ഓവർ ബ്രിഡ്ജുകൾ എന്നിവയുടെ നിർമ്മാണം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങൾ ഇതിന്റെ ഭാഗമാണ്. മെച്ചപ്പെട്ട പാസഞ്ചർ ഇൻഫോർമേഷൻ സിസ്റ്റം, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക സൗകര്യങ്ങൾ, എക്സിക്യൂട്ടീവ് ലോഞ്ചുകൾ എന്നിവ യാത്രക്കാർക്കായി ഒരുക്കുന്നു.
കൂടാതെ ‘വൺ സ്റ്റേഷൻ വൺ പ്രൊഡക്ട്’ പദ്ധതിയിലൂടെ പ്രാദേശിക ഉൽപ്പന്നങ്ങൾക്കായുള്ള കിയോസ്കുകളും സജ്ജീകരിക്കുന്നുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ ഓരോ റെയിൽവേ സ്റ്റേഷനെയും നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളായി (City Centres) വികസിപ്പിക്കാനാണ് റെയിൽവേ മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്.
Railway Minister Ashwini Vaishnaw confirms the redevelopment of 1,337 stations under the Amrit Bharat Scheme, turning them into world-class hubs with modern amenities.
