പഴമയുടെ പ്രൗഢി വിളിച്ചോതുന്ന വിന്റേജ് ബസ് സർവീസുമായി ശ്രദ്ധ നേടുകയാണ് കെഎസ്ആർടിസി. യൂറോപ്യൻ രാജ്യങ്ങളിലെ വിന്റേജ് ബസുകളുടെ മാതൃകയിൽ തയ്യാറാക്കിയ വാഹനം തിരുവനന്തപുരത്താണ് സർവീസ് നടത്തുന്നത്.
പച്ചപ്പരിഷ്കാരി
എൺപതുകളിലെ ലുക്കിലുള്ള വിൻഡ്ഷീൽഡ്, വട്ടത്തിലുള്ള ഹെഡ്ലൈറ്റുകൾ, അശോക് ലെയ്ലൻഡിന്റെ പഴയ ലോഗോ എന്നിവയാണ് ബസിന്റെ പ്രധാന ആകർഷണം. ആകർഷകമായ പച്ച നിറത്തിലാണ് ബസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വെറും 20 രൂപ
ഒരേസമയം 52 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ബസ്സിൽ ഒരാൾക്ക് മുഴുവൻ യാത്രയ്ക്കും വെറും 20 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. പേരൂർക്കടയിൽ നിന്ന് കിഴക്കേക്കോട്ടയിലേക്ക് രാവിലെ 7.15 മുതൽ വൈകുന്നേരം 5.35 വരെയാണ് ബസ് സർവീസ് നടത്തുന്നത്. ദിവസേന 9 സർവീസുകളാണുള്ളത്. വിവാഹ ആവശ്യങ്ങൾക്കോ വിനോദയാത്രകൾക്കോ ആയി ഈ ബസ് വാടകയ്ക്ക് എടുക്കാനും സാധിക്കും. താൽപ്പര്യമുള്ളവർക്ക് 9188933715 എന്ന നമ്പറിൽ പേരൂർക്കട ഡിപ്പോയുമായി ബന്ധപ്പെടാം.
യഥാർത്ഥ ‘അപ്പൂപ്പൻ’
വിന്റേജ് ബസുകൾ വാർത്തകളിൽ നിറയുമ്പോൾ കെഎസ്ആർടിസിയുടെ പക്കലുള്ള ഏറ്റവും പഴയ വാഹനത്തെക്കുറിച്ചും അറിയേണ്ടതുണ്ട്. KLX 109 എന്ന റജിസ്ട്രേഷൻ നമ്പറുള്ള ഡിപ്പോ വാനാണ് നിലവിൽ കെഎസ്ആർടിസിയുടെ പക്കലുള്ള ഏറ്റവും പഴയ വാഹനം. 1973ൽ സർവീസ് ആരംഭിച്ച ഈ വാഹനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ ‘T-682’ എന്ന നമ്പറിലായിരുന്നു ഓടിയിരുന്നത്. പിന്നീട് 1978ൽ ചാലക്കുടി ഡിപ്പോയിലേക്ക് മാറ്റിയ വാഹനം ഇപ്പോഴും അവിടെ സർവീസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു.
KSRTC introduces a retro-style “Vintage” bus service in Trivandrum. Modeled after European classics with an 80s look, enjoy a ride from Peroorkada to East Fort for just ₹20.
