അമേരിക്കൻ സോഫ്റ്റ്വെയർ കമ്പനിയായ അഡോബെയുടെ (Adobe) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) പദവിയിൽനിന്ന് ഇന്ത്യൻ വംശജനായ ശന്തനു നാരായൺ (Shantanu Narayen) പടിയിറങ്ങുന്നു. ഏകദേശം രണ്ട് ദശാബ്ദമായി അഡോബെയെ നയിക്കുന്ന അദ്ദേഹം ബോക്സ് സോഫ്റ്റ്വെയർ വിൽപ്പനയിൽ നിന്ന് ക്ലൗഡ് അടിസ്ഥാനത്തിലുള്ള സബ്സ്ക്രിപ്ഷൻ മോഡലിലേക്ക് കമ്പനിയെ മാറ്റി നിർണായക വഴിത്തിരിവ് സൃഷ്ടിച്ചു. 2007ൽ സിഇഒ ആയി ചുമതലയേറ്റപ്പോൾ 1 ബില്യൺ ഡോളറിൽ താഴെയായിരുന്ന കമ്പനിയുടെ വാർഷിക വരുമാനം 2024ഓടെ 25 ബില്യൺ ഡോളറിന് മുകളിലെത്തിയത് ഈ തന്ത്രപരമായ മാറ്റത്തിന്റെ ഫലമാണ്.
കമ്പനി പുതിയ നേതൃത്വത്തിന് വഴിമാറുന്നതിന്റെ (Succession Planning) ഭാഗമായാണ് 18 വർഷത്തെ സേവനത്തിന് ശേഷം അദ്ദേഹം സിഇഒ സ്ഥാനം ഒഴിയുന്നത്. ദൈനംദിന ഭരണച്ചുമതലകളിൽ നിന്ന് മാറി കമ്പനിയുടെ നയരൂപീകരണത്തിലും ഭാവി പദ്ധതികളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബോർഡ് ചെയർമാൻ പദവിയിൽ അദ്ദേഹം തുടരും. സുഗമമായ അധികാര കൈമാറ്റം ലക്ഷ്യമിടുന്ന കമ്പനി പുതിയ സിഇഒയെ കണ്ടെത്തുന്നത് വരെ അദ്ദേഹം സ്ഥാനത്ത് തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

1963 മെയ് 27ന് ഹൈദരാബാദിൽ ജനിച്ച ശന്തനു നാരായൺ ഒസ്മാനിയ സർവകലാശാലയിൽനിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷം അമേരിക്കയിൽ ഉപരിപഠനം പൂർത്തിയാക്കി. ആപ്പിൾ ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികളിലെ സേവനത്തിന് ശേഷം 1998ലാണ് അദ്ദേഹം അഡോബെയിൽ ചേർന്നത്. 2007ൽ സിഇഒ ആയ അദ്ദേഹം 2017ൽ ചെയർമാനുമായി. ക്ലൗഡ് സബ്സ്ക്രിപ്ഷൻ മോഡലായ ‘ക്രിയേറ്റീവ് ക്ലൗഡ്’ അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി കണക്കാക്കപ്പെടുന്നു. 2019ൽ ഇന്ത്യ അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിരുന്നു. ഏകദേശം 4,600 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തിയെന്നാണ് കണക്കാക്കപ്പെടുന്നത്.
After 18 years of leadership and transforming Adobe into a cloud giant, Shantanu Narayen is stepping down as CEO. He will continue as Board Chairman.
