മൊബൈൽ ഫോണില്ലാത്ത ഒരു നിമിഷത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല. എന്നാൽ 1.5 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ മൊബൈൽ ഫോണില്ലാതെയാണ് ജീവിക്കുന്നതെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? അതാണ് ശ്രീറാം ഗ്രൂപ്പിന്റെ അമരക്കാരൻ രാമമൂർത്തി ത്യാഗരാജൻ (R. Thyagarajan). ആഡംബര കാറുകൾക്കും കൊട്ടാര സമാനമായ കെട്ടിടങ്ങൾക്കും പകരം ലളിതമായ വീട്ടിൽ താമസിച്ച്, 6 ലക്ഷം രൂപയുടെ സാധാരണ കാറിൽ സഞ്ചരിക്കുന്ന അദ്ദേഹം കോടീശ്വരന്മാർക്കിടയിൽ വിസ്മയമാണ്.
ബാങ്കുകൾ കൈവിട്ടവർക്ക് കൈത്താങ്ങ്
തമിഴ്നാട്ടിലെ കർഷക കുടുംബത്തിൽ ജനിച്ച ത്യാഗരാജന് ഗണിതശാസ്ത്രത്തിലായിരുന്നു താൽപ്പര്യം. കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പഠനത്തിന് ശേഷം ധനകാര്യ മേഖലയിൽ ജോലി ചെയ്തു. അക്കാലത്താണ് സാധാരണക്കാരായ ട്രക്ക് ഡ്രൈവർമാർക്കും ചെറുകിട കച്ചവടക്കാർക്കും ബാങ്കുകൾ വായ്പ നൽകുന്നില്ലെന്ന കാര്യം അദ്ദേഹം ശ്രദ്ധിച്ചത്. ക്രെഡിറ്റ് സ്കോറോ രേഖകളോ ഇല്ലാത്ത ഇത്തരം സാധാരണക്കാരെ സഹായിക്കാനായയാണ് 1974ൽ അദ്ദേഹം ‘ശ്രീറാം ചിറ്റ്സ്’ എന്ന സ്ഥാപനം ആരംഭിച്ചത്. വിശ്വാസമായിരുന്നു അതിന്റെ മൂലധനം. ഇന്ന് 70,000ലേറെ ജീവനക്കാരും 1.5 ലക്ഷം കോടിയിലേറെ ആസ്തിയുമുള്ള വൻ പ്രസ്ഥാനമായി ശ്രീറാം ഗ്രൂപ്പ് വളർന്നു കഴിഞ്ഞു.

കോടികൾ ജീവനക്കാർക്ക് നൽകിയ ഉടമ
പണത്തോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മറ്റ് ബിസിനസ്സുകാരിൽ നിന്നും വ്യത്യസ്തമാണ്. സമ്പത്ത് തന്റെ മാത്രം വളർച്ചയ്ക്കല്ല, മറിച്ച് സമൂഹത്തിന്റെ പുരോഗതിക്കാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇതിന്റെ ഭാഗമായി 2006ൽ തന്റെ പക്കലുണ്ടായിരുന്ന ശ്രീറാം ഗ്രൂപ്പിലെ മുഴുവൻ ഓഹരികളും അദ്ദേഹം ഒരു ട്രസ്റ്റിലേക്ക് മാറ്റി. അന്ന് ഏകദേശം 6000 കോടിയിലധികം രൂപ (750 Million USD) വിലമതിക്കുന്ന സ്വത്താണ് അദ്ദേഹം ജീവനക്കാർക്കായി വിട്ടുനൽകിയത്.
മൊബൈലില്ലാത്ത കോടീശ്വരൻ
ശ്രദ്ധ തിരിക്കുന്ന വസ്തുക്കളോടുള്ള വിമുഖതയാണ് അദ്ദേഹത്തെ സ്മാർട്ട് ഫോണിൽ നിന്ന് അകറ്റുന്നത്. “മനുഷ്യൻ പണത്തിന് പിന്നാലെ ഓടി സന്തോഷം കളയരുത്” എന്നതാണ് അദ്ദേഹത്തിന്റെ പോളിസി. ജീവനക്കാർക്ക് സന്തോഷമായി ജീവിക്കാൻ ആവശ്യമായ ശമ്പളം നൽകണമെന്നും, എന്നാൽ അത് അമിതമായ മത്സരബുദ്ധിക്ക് കാരണമാകരുതെന്നും അദ്ദേഹം വിശ്വസിക്കുന്നു. ആഡംബരങ്ങളില്ലാതെയും വിജയിക്കാമെന്ന് തന്റെ ജീവിതത്തിലൂടെ തെളിയിച്ച ആർ. ത്യാഗരാജൻ, യഥാർത്ഥ വിജയം എത്ര സമ്പാദിച്ചു എന്നതിലല്ല, എത്രപേരുടെ ജീവിതം മാറ്റിമറിച്ചു എന്നതിലാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.
Discover the inspiring life of Shriram Group founder R. Thyagarajan. A billionaire who doesn’t own a mobile phone and donated ₹6,000 Cr to his employees
