വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനവുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനവുമായി സംസ്ഥാന ഗവർൺമെന്റ്. തുറമുഖ അനുബന്ധ വികസന പ്രവർത്തനങ്ങൾക്ക് 810 കോടി രൂപ ചിലവിൽ 230 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരിക്കുന്നത്. ലാൻഡ് അക്വിസിഷൻ, റീഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ് ആക്ട് (LARR Act) പ്രകാരം കോട്ടുകാൽ, മാറനല്ലൂർ, അമരവിള എന്നീ പ്രദേശങ്ങളിലായാണ് ഭൂമി ഏറ്റെടുക്കുക. തുറമുഖത്തിന്റെ വ്യവസായവൽക്കരണത്തിനും അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾക്കും പിന്തുണ നൽകുന്നതിനായി തുറമുഖത്തിന് ചുറ്റുമുള്ള സാമ്പത്തിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനാണ് ഭൂമി ഉപയോഗിക്കുക. തുറമുഖത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ലോജിസ്റ്റിക് സൗകര്യങ്ങൾ, വ്യാവസായിക യൂണിറ്റുകൾ, മറ്റ് പിന്തുണാ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് ഈ നീക്കം സഹായിക്കും.

ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ പ്ലാൻ സ്കീം ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ നിന്ന് 283.68 കോടി രൂപ വിനിയോഗിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. ആവശ്യമായി വരുന്ന ബാക്കി തുക നിലവിൽ അംഗീകരിച്ച നബാർഡ് വായ്പയിൽ നിന്ന് കണ്ടെത്താനും മന്ത്രിസഭ തീരുമാനിച്ചു. പുതുതായി ഏറ്റെടുക്കുന്ന 230 ഏക്കർ ഭൂമിയിൽ തുറമുഖാധിഷ്ഠിത വ്യവസായവൽക്കരണവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നടത്താൻ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന് അനുമതി നൽകിയിട്ടുമുണ്ട്.
The Kerala Government has sanctioned ₹810 crore to acquire 230 acres in Kottukal, Maranalloor, and Amaravila for Vizhinjam Port expansion. The move aims to boost port-led industrialization and logistics infrastructure under the LARR Act.