കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമായി ജസീറ എയർവേയ്സ് ഇന്ത്യയിലേക്കുള്ള കൂടുതൽ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. മാർച്ച് 30 മുതൽ അൽ-ഖൈസുമ വിമാനത്താവളം വഴി അഹമ്മദാബാദിലേക്കും തിരുവനന്തപുരത്തേക്കും വാണിജ്യ സർവീസുകൾ പുനരാരംഭിക്കുമെന്ന് വിമാനക്കമ്പനി അറിയിച്ചു. വ്യോമപാത അടച്ചതിനെത്തുടർന്ന് തടസ്സപ്പെട്ട സർവീസുകളാണ് ഇപ്പോൾ പുനഃസ്ഥാപിക്കുന്നത്.

ഇന്ത്യയിലെ എട്ട് ലക്ഷ്യസ്ഥാനങ്ങളിലേക്കും ജസീറ എയർവേയ്സ് സർവീസുകൾ പൂർണ്ണമായി പുനരാരംഭിച്ചതായി സിഇഒ ബരതൻ പശുപതി കുവൈത്ത് വാർത്താ ഏജൻസിയോട് പറഞ്ഞു. കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ് എന്നിവയാണ് ഈ എട്ട് നഗരങ്ങൾ. ഈദ് അൽ ഫിത്തർ പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ സർവീസുകൾ വ്യാപിപ്പിക്കുന്നത് പ്രവാസികൾക്ക് വലിയ ആശ്വാസമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ച് 20ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചതിന് ശേഷം ഇതുവരെ 13,000ത്തിലധികം യാത്രക്കാരെ ജസീറ എയർവേയ്സ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചിട്ടുണ്ട്. യാത്രാ ഓപ്ഷനുകൾ പരിമിതമായ ഈ അസാധാരണ സാഹചര്യത്തിൽ സർവീസുകൾ പൂർണ്ണതോതിലാക്കുന്നത് കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹങ്ങളിലൊന്നായ ഇന്ത്യക്കാർക്ക് വലിയ പിന്തുണയാകുമെന്ന് പശുപതി അഭിപ്രായപ്പെട്ടു.
Jazeera Airways announces the resumption of commercial flights to Trivandrum and Ahmedabad via Al-Qaisumah starting March 30. Services to 8 Indian cities are now fully operational.
