ഇന്ത്യൻ കപ്പൽ നിർമ്മാണ മേഖലയെ പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി കൊച്ചിൻ ഷിപ്പ്‌യാർഡും ഹൈദരാബാദ് ആസ്ഥാനമായ എച്ച്ബിഎൽ എഞ്ചിനീയറിംഗും (HBL Engineering) സംയുക്ത സംരംഭത്തിന് തുടക്കമിട്ടു. ഇരുകമ്പനികളും ഒപ്പുവെച്ച കരാർ പ്രകാരം ‘ഗ്രീൻ മാരിടൈം പ്രൊപ്പൽഷൻ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരിൽ പുതിയ കമ്പനി രൂപീകരിക്കും. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനിയിൽ എച്ച്ബിഎല്ലിന് 60 ശതമാനവും കൊച്ചിൻ ഷിപ്പ്‌യാർഡിന് 40 ശതമാനവും ഓഹരി പങ്കാളിത്തമുണ്ടാകും.

Cochin Shipyard HBL Green Shipping JV

കപ്പൽ നിർമ്മാണത്തിൽ ഷിപ്പ്‌യാർഡിനുള്ള വൈദഗ്ധ്യവും നാല് പതിറ്റാണ്ടിലേറെ പ്രവർത്തനപരിചയമുള്ള എച്ച്ബിഎല്ലിന് ബാറ്ററി-മോട്ടോർ സാങ്കേതികവിദ്യയിലുള്ള കഴിവും ഒന്നിപ്പിക്കുകയാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം. വൈദ്യുത കപ്പലുകൾക്കാവശ്യമായ മറൈൻ ബാറ്ററികൾ, ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റങ്ങൾ, ഇലക്ട്രിക് മോട്ടോറുകൾ, ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ എന്നിവ ഇന്ത്യയിൽ തന്നെ വികസിപ്പിക്കുകയും വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുകയുമാണ് പുതിയ കമ്പനിയുടെ പ്രധാന ദൗത്യം.

വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനും തദ്ദേശീയമായ ഗ്രീൻ ഷിപ്പിംഗ് സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കാനും ഈ നീക്കം സഹായിക്കും. ആഗോളതലത്തിൽ കപ്പൽ ഗതാഗതത്തിന് കർശനമായ പരിസ്ഥിതി നിയന്ത്രണങ്ങൾ വരുന്ന സാഹചര്യത്തിൽ ഇന്ത്യൻ സമുദ്രമേഖലയിൽ ഇതൊരു നിർണ്ണായക ചുവടുവെപ്പായി മാറും. ഇതിലൂടെ ഇന്ത്യയുടെ ഹരിത കപ്പൽ നിർമ്മാണ ലക്ഷ്യങ്ങൾക്ക് വലിയ വേഗത കൈവരിക്കാനാകുമെന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ് അധികൃതർ വ്യക്തമാക്കി.

Cochin Shipyard and HBL Engineering launch ‘Green Maritime Propulsion Private Limited.’ This joint venture will develop indigenous marine batteries

Share.

Comments are closed.

Exit mobile version