ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയിൽ പുതിയ ചരിത്രമെഴുതാൻ ഗുജറാത്തിലെ സൂറത്ത് ആസ്ഥാനമായുള്ള ‘ഭാരത് സ്പേസ് വെഹിക്കിൾ’ (BSV) ഒരുങ്ങുന്നു. ഐഎസ്ആർഓയിൽ നിന്ന് വിരമിച്ച ശാസ്ത്രജ്ഞർ 2024ൽ ആരംഭിച്ച ഈ സ്റ്റാർട്ടപ്പ് ‘അഗസ്ത്യ-1’ എന്ന അത്യാധുനിക റോക്കറ്റാണ് വികസിപ്പിക്കുന്നത്. 28 മീറ്ററുള്ള റോക്കറ്റ് ചെറിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ളതാണ്.

ഐഎസ്ആർഓയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (LPSC) മുൻ ഡയറക്ടർ ഡോ. എൻ. വേദാചലം, വിക്രം സാരാഭായ് സ്പേസ് സെന്റർ (VSSC) സ്ട്രക്ചറൽ എൻജിനീയറിങ് വിദഗ്ധൻ എസ്.വി. ശർമ്മ, ഐഐടി കാൺപൂർ പൂർവ്വ വിദ്യാർത്ഥി ഭവിൻ പട്ടേൽ എന്നിവരാണ് ഈ സംരംഭത്തിന് പിന്നിൽ. നിലവിൽ ഐഎസ്ആർഓയുടെ എസ്എസ്എൽവി റോക്കറ്റുകൾ ഖര ഇന്ധനം ഉപയോഗിക്കുമ്പോൾ, അഗസ്ത്യ-1 ലിക്വിഡ് ഓക്സിജനും കെറോസിനും LOX/RP-1ഉം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. വിക്ഷേപണത്തിന് മുൻപ് തന്നെ എൻജിനുകൾ പലതവണ ഹോട്ട്-ഫയർ ടെസ്റ്റിന് വിധേയമാക്കി സുരക്ഷ ഉറപ്പാക്കാം എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
ഗുജറാത്തിലെ ഗീർ സോമനാഥ് ജില്ലയിലുള്ള കോടിനാറിൽ പുതിയ വിക്ഷേപണ കേന്ദ്രം നിർമ്മിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇത് യാഥാർത്ഥ്യമായാൽ ശ്രീഹരിക്കോട്ടയ്ക്ക് പുറമെ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ ആദ്യത്തെ ബഹിരാകാശ കേന്ദ്രമായി ഇത് മാറും. ഇൻ-സ്പേസും (IN-SPACe) ഐഎസ്ആർഒയുമായി ഇതിനോടകം ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞു. ഇതോടെ ഐഎസ്ആർഒയുടെ പരീക്ഷണ സൗകര്യങ്ങളും സാങ്കേതിക സഹായവും ഈ സ്വകാര്യ കമ്പനിക്ക് ലഭ്യമാകും.
Bharat Space Vehicle (BSV), led by former ISRO scientists, prepares to launch Agasthya-1. Discover India’s first private liquid-fuel rocket and the planned spaceport in Gujarat.
