കൊച്ചിയിലെ ഏറ്റവും തിരക്കേറിയ വൈറ്റില ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് ഫലപ്രദമായ പരിഹാരം കാണുന്നതിനായി ദേശീയപാതാ അതോറിറ്റിയും (NHAI) പൊതുമരാമത്ത് വകുപ്പും (PWD) സംയുക്ത യോഗം ചേരും. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പുറപ്പെടുവിച്ച ഉത്തരവിനെത്തുടർന്നാണ് നടപടി.

ഫ്ലൈഓവറിന് താഴെയുള്ള അനാവശ്യ വീതിയുള്ള ഡിവൈഡറുകൾ വെട്ടിമുറിച്ച് വാഹനങ്ങൾക്ക് കടന്നുപോകാൻ കൂടുതൽ സ്ഥലം ഒരുക്കണമെന്ന കമ്മീഷന്റെ നിർദ്ദേശം യോഗം ചർച്ച ചെയ്യും. ആവശ്യമെങ്കിൽ സിറ്റി പോലീസ് കമ്മീഷണറുടെയും ആർടിഓയുടെയും വിദഗ്ധ അഭിപ്രായങ്ങളും ഇതിനായി തേടുമെന്ന് സ്റ്റാൻഡിംഗ് കൗൺസിൽ അറിയിച്ചു.
നിലവിൽ വൈറ്റിലയിൽ സിഗ്നലുകൾ പ്രവർത്തിക്കാത്തത് കുരുക്ക് വർധിപ്പിക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായി കെൽട്രോണിന് ആവശ്യമായ ഫണ്ട് കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് (KSML) അനുവദിച്ചതായി സിറ്റി പോലീസ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. സിഗ്നലുകൾ വേഗത്തിൽ പ്രവർത്തനസജ്ജമാക്കുന്നതോടെ ജംഗ്ഷനിലെ ഗതാഗത നിയന്ത്രണം കൂടുതൽ സുഗമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
nhai and pwd to hold a joint meeting to resolve vyttila traffic congestion following human rights commission orders. plans include divider modifications and signal repairs.
