പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിലും ബംഗ്ലാദേശിലെ ഇന്ധന ലഭ്യത ഉറപ്പാക്കാൻ ഇന്ത്യയിൽ നിന്നുള്ള ഇന്ധനനീക്കം സജീവമാകുന്നു. ആസാമിലെ നുമാലിഗഡ് റിഫൈനറിയിൽ നിന്നും 7,000 ടൺ ഡീസൽ അടങ്ങുന്ന പുതിയ ശേഖരം പൈപ്പ്ലൈൻ വഴി ബംഗ്ലാദേശിലേക്ക് എത്തിത്തുടങ്ങി. പൈപ്പ്ലൈൻ വഴി ഇന്ധനം എത്തിത്തുടങ്ങിയതായും ഇന്ന് വിതരണം പൂർത്തിയാകുമെന്നും അധികൃതർ അറിയിച്ചു.

ബംഗ്ലാദേശിൽ നിലവിൽ ഇന്ധനക്ഷാമമില്ലെന്നും എന്നാൽ ഇന്ധനം പൂഴ്ത്തിവെക്കുന്നതാണ് തങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും ഊർജ്ജ മന്ത്രി ഇഖ്ബാൽ ഹസൻ മഹ്മൂദ് ടുകു പാർലമെന്റിൽ പറഞ്ഞു. പശ്ചിമേഷ്യൻ പ്രതിസന്ധി നിലനിൽക്കുന്നുണ്ടെങ്കിലും രാജ്യത്ത് ആവശ്യമായ ഇന്ധന ശേഖരമുണ്ട്. വിതരണത്തിലെ കുറവല്ല, മറിച്ച് ഇന്ധനം പൂഴ്ത്തിവെക്കുന്നതാണ് നിലവിലെ പ്രധാന ആശങ്കയെന്നും മന്ത്രി വ്യക്തമാക്കി.
ഈ മാസം 11ന് ഇന്ത്യയിൽ നിന്ന് 5,000 ടൺ ഡീസൽ പൈപ്പ് ലൈൻ വഴി ബംഗ്ലാദേശിലേക്ക് എത്തുമെന്ന് അറിയിച്ചിരുന്നു. പർബതിപൂർ അതിർത്തി വഴിയാണ് ഇന്ധനം ബംഗ്ലാദേശിലേക്ക് പ്രവേശിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാർ പ്രകാരം പ്രതിവർഷം 1,80,000 ടൺ ഡീസൽ ഇന്ത്യ ബംഗ്ലാദേശിന് നൽകേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ ഇന്ധനക്കൈമാറ്റമെന്നും അടുത്ത ആറ് മാസത്തിനുള്ളിൽ ആകെ 90,000 ടൺ ഡീസൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ബംഗ്ലാദേശ് പെട്രോളിയം കോർപ്പറേഷൻ (BPC) ചെയർമാൻ മുഹമ്മദ് റെസാനുർ റഹ്മാൻ അറിയിച്ചു.
അതേസമയം, വിപണിയിൽ കൃത്രിമ ക്ഷാമം സൃഷ്ടിക്കാനുള്ള പൂഴ്ത്തിവെപ്പ് തടയാൻ ബംഗ്ലാദേശ് സർക്കാർ നടപടികൾ കർശനമാക്കിയിട്ടുണ്ട്. പല പമ്പുകളും സർക്കാർ നിശ്ചയിച്ച പരിധി ലംഘിച്ച് ഇന്ധനം വിൽക്കുന്നതായും കരിഞ്ചന്തയിൽ മറിച്ചുവിൽക്കുന്നതായും കണ്ടെത്തിയതിനെത്തുടർന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിൽ മൊബൈൽ കോടതികൾ വഴി വ്യാപകമായ റെയ്ഡുകൾ നടത്തിവരികയാണ്. ഇന്ത്യയിൽ നിന്നുള്ള ഇന്ധന ലഭ്യത ബംഗ്ലാദേശിലെ ഗതാഗത-ഊർജ്ജ മേഖലകളിലെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.
India strengthens energy ties by sending 7,000 tons of diesel from Numaligarh Refinery to Bangladesh. Learn about the bilateral agreement and Bangladesh’s measures to curb fuel hoarding
