ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റോറിടെല്ലിംഗ് പ്ലാറ്റ്ഫോമായ ‘കുക്കു’വിൽ (Kuku) നിക്ഷേപം നടത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ എം.എസ്. ധോണി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോമിന്റെ ബ്രാൻഡ് അംബാസഡറായും ധോണി പ്രവർത്തിക്കും. തന്നെപ്പോലെ ചെറിയ നഗരങ്ങളിൽ നിന്ന് വന്ന് വലിയ നേട്ടങ്ങൾ കൈവരിച്ച സ്റ്റാർട്ടപ്പിന്റെ സ്ഥാപകരുമായി തനിക്ക് വേഗത്തിൽ കണക്ട് ചെയ്യാൻ സാധിക്കുന്നുണ്ടെന്നും, ഇന്ത്യയിൽ നിന്ന് ആഗോളതലത്തിലേക്ക് വളരുന്ന എഐ പ്ലാറ്റ്ഫോം കെട്ടിപ്പടുക്കുക എന്ന അവരുടെ കാഴ്ചപ്പാടിൽ വിശ്വാസമുണ്ടെന്നും ധോണി വ്യക്തമാക്കി.

2018-ൽ ലാൽ ചന്ദ് ബിസു, വികാസ് ഗോയൽ, വിനോദ് കുമാർ മീന എന്നിവർ ചേർന്ന് സ്ഥാപിച്ച കുക്കുവിന്, നിലവിൽ കുക്കു എഫ്എം (ഓഡിയോ), കുക്കു ടിവി (മൈക്രോ ഡ്രാമ) തുടങ്ങിയ വിവിധ സേവനങ്ങളിലൂടെ 35 കോടിയിലധികം ഇൻസ്റ്റാളേഷനുകളാണുള്ളത്. ഏഴ് ഭാഷകളിലായി ഇരുപതിനായിരത്തിലധികം ടൈറ്റിലുകൾ കുക്കു പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. മിത്തോ-ഫാന്റസി, സൂപ്പർ ഹീറോ തുടങ്ങിയ വിഭാഗങ്ങളിൽ എഐ ഉപയോഗിച്ച് നിർമ്മിച്ച ഒറിജിനൽ മൈക്രോ ഡ്രാമകൾ കമ്പനി അടുത്തിടെ പുറത്തിറക്കിയിരുന്നു. ധോണിയുടെ സാന്നിധ്യം കുക്കു ടിവിയുടെ വളർച്ചയ്ക്കും രാജ്യവ്യാപകമായ പ്രചാരത്തിനും വലിയ ഊർജ്ജമാകുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. അടുത്തിടെ ഗ്രാനൈറ്റ് ഏഷ്യ ഉൾപ്പെടെയുള്ള ആഗോള നിക്ഷേപകരിൽ നിന്ന് സ്റ്റാർട്ടപ്പ് 85 മില്യൺ ഡോളർ ഫണ്ട് സമാഹരിച്ചിരുന്നു.
Cricket legend MS Dhoni invests in Bengaluru-based AI storytelling platform Kuku. As brand ambassador, Dhoni backs the startup’s vision for AI-driven micro-dramas and global expansion
