വിദേശ രാജ്യങ്ങളിൽ ഉപരിപഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ വരുമാന മാർഗ്ഗങ്ങളിൽ വലിയ മാറ്റങ്ങൾ പ്രകടമാകുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട്. രൂപയുടെ മൂല്യം റെക്കോർഡ് നിലവാരത്തിലേക്ക് താഴുന്നതും വിദേശത്തെ ജീവിതച്ചിലവ് വർദ്ധിക്കുന്നതും പഠനത്തെ ബാധിക്കാതിരിക്കാനാണ് വിദ്യാർത്ഥികൾ സാധാരണ പാർട്ട് ടൈം ജോലികൾക്ക് പകരം ഡിജിറ്റൽ മേഖലയിലെ ‘ഗിഗ്’ (Gig) ജോലികളെ ആശ്രയിക്കുന്നത്. ഹോട്ടലുകളിലും കടകളിലും മണിക്കൂർ നിരക്കിൽ ജോലി ചെയ്തിരുന്ന പഴയ രീതിയിൽ നിന്ന് മാറി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), കണ്ടന്റ് ക്രിയേഷൻ, പ്രോംപ്റ്റ് എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിലൂടെ വരുമാനം കണ്ടെത്താനാണ് ഇവർ ഇപ്പോൾ താൽപ്പര്യപ്പെടുന്നത്.

വിദ്യാഭ്യാസ വായ്പകൾ എടുത്ത് വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളെയാണ് രൂപയുടെ മൂല്യത്തകർച്ച കാര്യമായി ബാധിക്കുന്നത്. ഇന്ത്യയിൽ നിന്ന് രൂപയിൽ ലഭിക്കുന്ന വായ്പാ തുക വിദേശ കറൻസിയിലേക്ക് മാറ്റുമ്പോൾ മൂല്യം കുറയുന്നത് വലിയ സാമ്പത്തിക ഭാരമാണ് സൃഷ്ടിക്കുന്നത്. 2024ൽ ശരാശരി 39 ലക്ഷം രൂപയായിരുന്ന വിദേശ പഠന വായ്പ 2025ൽ 43 ലക്ഷം രൂപയായി ഉയർന്നു. ഈ സാഹചര്യത്തിലാണ് ഓൺലൈൻ ട്യൂട്ടറിംഗ്, കോഡിംഗ്, വീഡിയോ-പോഡ്കാസ്റ്റ് എഡിറ്റിംഗ് തുടങ്ങിയ റിമോട്ട് ജോലികൾ വിദ്യാർത്ഥികൾക്ക് തുണയാകുന്നത്. വിസ നിയമങ്ങൾ പാലിച്ച് തന്നെ സ്വന്തം വൈദഗ്ധ്യം ഉപയോഗിച്ച് മികച്ച വരുമാനം നേടാൻ ഇത്തരം ഓൺലൈൻ പ്ലാറ്റ്ഫോമുകൾ സഹായിക്കുന്നു.
സാങ്കേതികവിദ്യയുടെ വളർച്ചയും എഐ ടൂളുകളുടെ വരവും ഈ മാറ്റത്തിന് വേഗത കൂട്ടിയിട്ടുണ്ട്. ‘സ്കെയിൽ എഐ’ (Scale AI), ‘ഔട്ട്ലയർ’ (Outlier) തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി എഐ സിസ്റ്റങ്ങളെ പരിശീലിപ്പിക്കുന്നതിനും പ്രോംപ്റ്റ് എഞ്ചിനീയറിംഗിനും മണിക്കൂറിന് 60 ഡോളർ മുതൽ 150 ഡോളർ വരെ വരുമാനം നേടാൻ വിദ്യാർത്ഥികൾക്ക് സാധിക്കുന്നുണ്ട്. ഇതിനുപുറമെ, സെക്കൻഡ് ഹാൻഡ് സാധനങ്ങൾ വിൽക്കുന്ന സൈറ്റുകൾ വഴിയുള്ള വ്യാപാരവും അവധിക്കാലത്ത് തങ്ങളുടെ മുറികൾ എയർ ബിഎൻബി (Airbnb) വഴി വാടകയ്ക്ക് നൽകുന്നതും വിദ്യാർത്ഥികൾ വരുമാനമാർഗ്ഗമായി കാണുന്നു. ആഗോള തൊഴിൽ വിപണിയിലെ പുതിയ മാറ്റങ്ങൾ മനസ്സിലാക്കാനും മികച്ച വരുമാനം കണ്ടെത്താനും ഡിജിറ്റൽ യുഗം വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നുവെന്ന് വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു
With the falling rupee and rising living costs, Indian students abroad are ditching traditional part-time jobs for high-paying AI training, prompt engineering, and digital gig work.
