യുഎസ് ആസ്ഥാനമായുള്ള പ്രമുഖ ഐടി കമ്പനിയായ ഒറാക്കിൾ (Oracle) ഇന്ത്യയിൽ ഏകദേശം 12,000 ജീവനക്കാരെ പിരിച്ചുവിട്ടു. ആഗോളതലത്തിൽ നടപ്പിലാക്കുന്ന 30,000 പേരുടെ വെട്ടിക്കുറയ്ക്കലിന്റെ ഭാഗമായാണ് ഈ നടപടി. പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും പുനഃസംഘടിപ്പിക്കുന്നതിനുമായി തസ്തികകൾ ഇല്ലാതാക്കുകയാണെന്ന് കമ്പനി ജീവനക്കാരെ ഇമെയിൽ വഴി അറിയിച്ചു. ഒരു മാസത്തിനുള്ളിൽ ഇന്ത്യയിൽ അടുത്ത ഘട്ട പിരിച്ചുവിടൽ കൂടി ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇന്ത്യയിൽ ഏകദേശം 30,000 ജീവനക്കാരുള്ള കമ്പനി, പിരിച്ചുവിടപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒരു വർഷം പൂർത്തിയാക്കിയവർക്ക് 15 ദിവസത്തെ ശമ്പളത്തിന് പുറമെ, രണ്ട് മാസത്തെ ടോപ്പ്-അപ്പ് ശമ്പളം, ലീവ് എൻകാഷ്മെന്റ്, ഗ്രാറ്റുവിറ്റി എന്നിവയും നൽകും. എന്നാൽ കമ്പനിയുമായി സഹകരിച്ച് സ്വമേധയാ രാജിവെക്കുന്നവർക്ക് മാത്രമേ ഈ ആനുകൂല്യങ്ങൾ ലഭിക്കൂ. വിദേശ രാജ്യങ്ങളിലെ കർശന തൊഴിൽ നിയമങ്ങൾ കാരണം അമേരിക്കയിലുള്ള ഇന്ത്യൻ ജീവനക്കാരെയും ഈ പിരിച്ചുവിടൽ കാര്യമായി ബാധിച്ചിട്ടുണ്ട്.
Oracle reportedly terminates 12,000 staff in India as part of a major global restructuring targeting 30,000 roles. Affected employees are offered severance benefits for voluntary resignation, with further cuts expected within a month.
