രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ നിർണ്ണായകമായ രണ്ട് കരാറുകളിൽ കൂടി ഒപ്പുവെച്ച് പ്രതിരോധ മന്ത്രാലയം. ആകെ 858 കോടി രൂപയുടെ കരാറുകളാണ് ഒപ്പിട്ടിരിക്കുന്നത്. ഇതിൽ ഇന്ത്യൻ സൈന്യത്തിനായി അത്യാധുനിക ടുങ്കുസ്ക (Tunguska) വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങൾ വാങ്ങുന്നതിനായി റഷ്യൻ ഏജൻസിയായ റോസോബോറോൺ എക്‌സ്‌പോർട്ടുമായാണ് (JSC Rosoboronexport) ആദ്യ കരാർ. 445 കോടി രൂപയുടേതാണ് ഈ പദ്ധതി. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗിന്റെ സാന്നിധ്യത്തിൽ ഒപ്പിട്ട കരാറിലൂടെ വിമാനങ്ങൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവയിൽ നിന്നുള്ള ഭീഷണികളെ പ്രതിരോധിക്കാൻ സൈന്യത്തിന് കൂടുതൽ കരുത്ത് ലഭിക്കും. ഇന്ത്യ-റഷ്യ പ്രതിരോധ പങ്കാളിത്തം ഇതിലൂടെ കൂടുതൽ ശക്തമാകും.

പി-8ഐ വിമാനങ്ങളുടെ അറ്റകുറ്റപ്പണി ഇനി ഇന്ത്യയിൽ
ഇന്ത്യൻ നാവികസേനയുടെ പി-8ഐ (P8I) ലോംഗ് റേഞ്ച് മാരിടൈം നിരീക്ഷണ വിമാനങ്ങളുടെ ഡിപ്പോ ലെവൽ ഇൻസ്പെക്ഷനായി ബോയിംഗ് ഇന്ത്യ ഡിഫൻസ് പ്രൈവറ്റ് ലിമിറ്റഡുമായാണ് രണ്ടാമത്തെ കരാർ. 413 കോടി രൂപയുടേതാണ് ഈ പദ്ധതി. ‘ബൈ ഇന്ത്യൻ’ വിഭാഗത്തിൽ ഉൾപ്പെടുത്തി 100% തദ്ദേശീയമായി നടപ്പിലാക്കുന്ന ഈ കരാർ വഴി വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ ഇന്ത്യയിലെ തന്നെ എംആർഒ സൗകര്യത്തിൽ പൂർത്തിയാക്കാം. ‘ആത്മനിർഭർ ഭാരത്’, ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതികൾക്ക് കരുത്തേകുന്ന നീക്കമാണിത്.
The Ministry of Defence has signed two key contracts worth ₹858 crore: one for Russian Tunguska air defence missiles and another with Boeing India for domestic maintenance of P-8I naval aircraft