ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ-എൽ1 ശേഖരിച്ച വിവരങ്ങൾ വിശകലനം ചെയ്യാൻ രാജ്യത്തെ ശാസ്ത്രസമൂഹത്തിന് ഐഎസ്ആർഒ വീണ്ടും അവസരമൊരുക്കുന്നു. ഇതിനായുള്ള രണ്ടാമത്തെ ‘അനൗൺസ്‌മെന്റ് ഓഫ് ഓപ്പർച്യൂണിറ്റി’ പുറത്തിറക്കി. നിലവിൽ 27 ടിബിയിലധികം ഡാറ്റ പൊതുമണ്ഡലത്തിൽ ലഭ്യമാണെന്നും ദൗത്യത്തിന്റെ ശാസ്ത്രീയ നേട്ടങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനാണ് പുതിയ പ്രൊപ്പോസലുകൾ ക്ഷണിക്കുന്നതെന്നും ഐഎസ്ആർഒ അറിയിച്ചു. സർവ്വകലാശാലകൾ, കോളേജുകൾ, മറ്റ് ഗവേഷണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ സൗരശാസ്ത്ര പശ്ചാത്തലമുള്ള ഇന്ത്യൻ ഗവേഷകർക്കാണ് ഈ അവസരം. തിരഞ്ഞെടുക്കപ്പെടുന്ന പ്രൊപ്പോസലുകൾ പ്രകാരമുള്ള നിരീക്ഷണങ്ങൾ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ നടക്കും.

Aditya L1 data access ISRO opportunity

2023 സെപ്റ്റംബറിൽ വിക്ഷേപിച്ച ആദിത്യ-എൽ1, ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ് 1ൽ (L1) 2024 ജനുവരിയിലാണ് എത്തിയത്. സൂര്യനെ ഗ്രഹണങ്ങളോ മറ്റ് തടസ്സങ്ങളോ ഇല്ലാതെ തുടർച്ചയായി നിരീക്ഷിക്കാൻ ഈ സ്ഥാനം പേടകത്തെ സഹായിക്കുന്നു. സൗര അന്തരീക്ഷത്തിലെ വിവിധ പാളികളെ പഠിക്കാനുള്ള നാല് റിമോട്ട് സെൻസിംഗ് പേലോഡുകളും, സൂര്യനിൽ നിന്നുള്ള കണികകളെയും കാന്തിക മണ്ഡലങ്ങളെയും കുറിച്ച് പഠിക്കാനുള്ള മൂന്ന് ഇൻ-സിറ്റു ഉപകരണങ്ങളും ഉൾപ്പെടെ ഏഴ് അത്യാധുനിക സജ്ജീകരണങ്ങളാണ് പേടകത്തിലുള്ളത്. രാജ്യത്തെ സൗരഭൗതിക ശാസ്ത്രജ്ഞരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ ദൗത്യത്തിൽ നിന്ന് കൂടുതൽ നിർണ്ണായകമായ കണ്ടെത്തലുകൾ നടത്താനാകുമെന്നാണ് ഐഎസ്ആർഒയുടെ പ്രതീക്ഷ.

Share.

Comments are closed.

Exit mobile version