കേന്ദ്ര സർക്കാരിന്റെ സഹകരണാടിസ്ഥാനത്തിലുള്ള റൈഡ്-ഹെയ്ലിംഗ് പ്ലാറ്റ്ഫോമായ ‘ഭാരത് ടാക്സി’, ഒല, ഊബർ തുടങ്ങിയ സ്വകാര്യ കമ്പനികളിൽ നിന്ന് കടുത്ത മത്സരം നേരിടുന്നതായി സഹകരണ മന്ത്രി അമിത് ഷാ രാജ്യസഭയെ അറിയിച്ചു. ഡ്രൈവർമാർക്കിടയിലെ ഡിജിറ്റൽ സാങ്കേതികവിദ്യയോടുള്ള വിമുഖതയും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. എന്നാൽ പരിശീലനം, മികച്ച ഉപഭോക്തൃ സേവനം, ഇ-ഗവേണൻസ് ടൂളുകൾ എന്നിവയിലൂടെ ഈ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്നും അദ്ദേഹം രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി.

നിലവിൽ ഡൽഹിയിലും ഗുജറാത്തിലെ മൂന്ന് നഗരങ്ങളിലുമായി 4.31 ലക്ഷം ഡ്രൈവർമാർ ഈ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കമ്മീഷൻ ഇല്ലാത്ത മോഡലിൽ പ്രവർത്തിക്കുന്ന ഭാരത് ടാക്സിയിൽ ഡ്രൈവർമാർ കേവലം സേവനദാതാക്കളല്ല, മറിച്ച് സഹകരണ സംഘത്തിലെ പങ്കാളികളാണ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ ചെറുകിട നഗരങ്ങളിലേക്കും ഗ്രാമീണ തലത്തിലേക്കും സർവീസ് വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഡ്രൈവർമാരുടെ സാമൂഹിക സുരക്ഷയും സുതാര്യമായ യാത്രാ നിരക്കുമാണ് ഈ സംരംഭത്തിന്റെ പ്രധാന ആകർഷണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
