അദാനി പോർട്സ് (APSEZ) 500 ദശലക്ഷം ടൺ കാർഗോ എന്ന നാഴികക്കല്ല് പിന്നിട്ടതിനെക്കുറിച്ച് വികാരാധീനനായി സംസാരിച്ച് ചെയർമാൻ ഗൗതം അദാനി. ഈ നേട്ടം വെറും അക്കങ്ങളിലൊതുങ്ങുന്നതല്ലെന്നും ദീർഘവീക്ഷണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണെന്നും അഹമ്മദാബാദിലെ അദാനി കോർപ്പറേറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

Adani Ports 500 million tonnes milestone

1990കളിൽ കൃത്യമായ റോഡുകൾ പോലുമില്ലാത്ത കാലത്ത് അഹമ്മദാബാദിൽ നിന്ന് മുന്ദ്രയിലെ ചതുപ്പുനിലങ്ങളിലേക്ക് പഴയ കോണ്ടസ കാറിൽ രാത്രികാലങ്ങളിൽ നടത്തിയ യാത്രകളെ അദാനി അനുസ്മരിച്ചു. അന്ന് അസാധ്യമെന്ന് കരുതിയ സ്വപ്നമാണ് ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നത്. മുന്ദ്രയിൽ തുടങ്ങിയ ആവേശം ഹസീറ, ദഹേജ്, കാണ്ട്‌ല, ധാമ്ര, കൃഷ്ണപട്ടണം വഴി കേരളത്തിലെ വിഴിഞ്ഞം പോർട്ടിലുമെത്തി. ഇന്ന് ഇന്ത്യക്ക് പുറത്ത് ഓസ്‌ട്രേലിയ, ഇസ്രായേൽ, ശ്രീലങ്ക, ടാൻസാനിയ എന്നിവിടങ്ങളിലായി 20 തുറമുഖങ്ങളുടെ ശക്തമായ ശൃംഖല അദാനി ഗ്രൂപ്പിനുണ്ട്.

ഈ നേട്ടം തന്റെ തൊഴിലാളികൾക്ക് സമർപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ക്രെയിൻ ഓപ്പറേറ്റർമാർ മുതൽ കിലോമീറ്ററുകൾ അകലെ നിന്ന് വന്ന് ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികൾ വരെ ഈ വിജയത്തിന്റെ അടിത്തറയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അവരുടെ വിയർപ്പിന്റെ ഓരോ തുള്ളിയെയും താൻ വണങ്ങുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥ ഭരണത്തിന്റെ നൂലാമാലകൾ കുറയ്ക്കാനും താഴെത്തട്ടിലുള്ള ജീവനക്കാർക്ക് കൂടുതൽ അധികാരം നൽകാനുമായി കമ്പനിയുടെ ഘടന പരിഷ്കരിക്കുകയാണ്. ഇത് ചെലവ് കുറയ്ക്കാനല്ല, മറിച്ച് വേഗത്തിൽ തീരുമാനങ്ങൾ എടുക്കാൻ ജീവനക്കാരെ പ്രാപ്തരാക്കാനാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ആദ്യ 100 ദശലക്ഷം ടണ്ണിലെത്താൻ 16 വർഷമെടുത്തു. എന്നാൽ അടുത്ത 100 ദശലക്ഷം വെറും രണ്ട് വർഷം കൊണ്ടാണ് നേടിയത്. ഈ വേഗതയിൽ 2030ഓടെ 100 കോടി ടൺ (1 Billion Tonnes) എന്ന ലക്ഷ്യത്തിലേക്ക് കമ്പനി കുതിക്കുമെന്ന് അദാനി പ്രഖ്യാപിച്ചു.

Share.

Comments are closed.

Exit mobile version