‘ഓപ്പറേഷൻ സിന്ദൂർ’ സൃഷ്ടിച്ച നയതന്ത്ര വിള്ളലുകൾക്ക് പിന്നാലെ ബന്ധം പഴയപടിയാക്കാൻ ഇന്ത്യയും അസർബൈജാനും തീരുമാനിച്ചു. അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നടന്ന ആറാം റൗണ്ട് ഫോറിൻ ഓഫീസ് കൺസൾട്ടേഷനിലാണ് (FOC) ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാൻ ധാരണയായത്. കഴിഞ്ഞ വർഷം പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തെ അസർബൈജാൻ അപലപിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. കൂടാതെ പാകിസ്ഥാൻ-അസർബൈജാൻ സഖ്യത്തിനെതിരെ ഇന്ത്യ അർമേനിയയുമായി സൈനിക കരാറുകളിൽ ഏർപ്പെട്ടതും ഉഭയകക്ഷി ബന്ധത്തിൽ വിള്ളലുണ്ടാക്കി. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ വ്യാപാരം, ഊർജ്ജം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാനും അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ ഒന്നിച്ച് പോരാടാനും ഇരുപക്ഷവും തീരുമാനിച്ചു.

അടുത്തിടെ ഇറാനിലെ ആണവനിലയങ്ങൾക്ക് നേരെയുണ്ടായ യുഎസ്-ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് അവിടെ കുടുങ്ങിയ 200ലധികം ഇന്ത്യൻ പൗരന്മാരെ അസർബൈജാൻ അതിർത്തി വഴി സുരക്ഷിതമായി നാട്ടിലെത്തിക്കാൻ അസർബൈജാൻ സർക്കാർ നൽകിയ സഹായമാണ് മഞ്ഞുരുകാൻ പ്രധാന കാരണമായത്. ഈ സഹായത്തിന് ഇന്ത്യ ഔദ്യോഗികമായി നന്ദി അറിയിക്കുകയും ചെയ്തു. അസർബൈജാനിൽ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി ഇന്ത്യ പുനരാരംഭിച്ചതും ഒഎൻജിസി വിദേശ് അവിടെ നിക്ഷേപം തുടരുന്നതും സാമ്പത്തിക ബന്ധത്തിന് കരുത്തുപകരുന്നു. വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സിബി ജോർജും അസർബൈജാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എൽനൂർ മാമ്മദോവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ തുറന്ന ചർച്ചകളിലൂടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ധാരണയായി. അടുത്ത ഘട്ട ചർച്ചകൾ ഡൽഹിയിൽ വെച്ച് നടത്താനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.