ഇന്ത്യയിലെ ടോൾ വരുമാനത്തിൽ 14 ശതമാനത്തിന്റെ വൻ വർധന. 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ടോൾ പിരിവ് റെക്കോർഡ് നേട്ടമായ 82900.16 കോടി രൂപയിൽ എത്തിയതായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. മുൻ വർഷമിത് 72930.83 കോടി രൂപയായിരുന്നു. പുതിയ ടോൾ റോഡുകളുടെ വ്യാപനം, വർധിച്ച സാമ്പത്തിക പ്രവർത്തനങ്ങൾ, ഫാസ്‌ടാഗ് (FASTag) സംവിധാനത്തിന്റെ കാര്യക്ഷമമായ ഉപയോഗം എന്നിവയാണ് ഈ കുതിപ്പിന് പിന്നിലെ പ്രധാന കാരണങ്ങൾ. കഴിഞ്ഞ എട്ട് വർഷത്തിനിടെ രാജ്യത്തെ ടോൾ വരുമാനത്തിൽ മൂന്നിരട്ടിയിലധികം വർധനയാണ് ഉണ്ടായിരിക്കുന്നത്.

നാഷണൽ ഇലക്ട്രോണിക് ടോൾ കളക്ഷൻ (NETC) വിവരങ്ങൾ പ്രകാരം ഫാസ്‌ടാഗ് ഇടപാടുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടായിട്ടുണ്ട്. 2024-25 വർഷത്തിലെ 4.21 ബില്യൺ ഇടപാടുകളിൽ നിന്ന് 5.7 ശതമാനം വർധനയോടെ കഴിഞ്ഞ വർഷം ഇത് 4.45 ബില്യൺ ആയി ഉയർന്നു. 201ൽ 26067 കിലോമീറ്റർ ആയിരുന്ന ടോൾ റോഡുകൾ 2025 നവംബറോടെ 55812 കിലോമീറ്റർ ആയി ഇരട്ടിയിലധികം വർധിച്ചു. വരും വർഷങ്ങളിൽ ഭൗതികമായ ടോൾ പ്ലാസകൾ ഒഴിവാക്കി സാങ്കേതികമായി കൂടുതൽ വികസിപ്പിച്ച ടോൾ പിരിവ് രീതികൾ നടപ്പിലാക്കുന്നതോടെ വരുമാനം ഇനിയും ഉയരുമെന്നാണ് സർക്കാർ ഉദ്യോഗസ്ഥർ നൽകുന്ന സൂചന.