പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് കടന്ന് കൂടുതൽ ഇന്ത്യൻ എൽപിജി കപ്പലുകൾ സുരക്ഷിതമായി യാത്ര തുടരുന്നു. ഏറ്റവും ഒടുവിലായി 46,650 മെട്രിക് ടൺ ദ്രവീകൃത പെട്രോളിയം ഗ്യാസുമായി (LPG) ‘ഗ്രീൻ സാൻവി’ എന്ന കപ്പലാണ് ഹോർമുസ് കടലിടുക്ക് പിന്നിട്ടത്. ഫെബ്രുവരി 28ന് ഇറാൻ-ഇസ്രായേൽ സംഘർഷം ആരംഭിച്ച ശേഷം ഈ മേഖല കടക്കുന്ന ഏഴാമത്തെ ഇന്ത്യൻ കപ്പലാണിത്. ഗുജറാത്തിലെ വാഡിനാർ ടെർമിനലിൽ 47,000 ടൺ എൽപിജിയുമായി ‘എംടി ജഗ് വസന്ത്’ എന്ന കപ്പൽ കഴിഞ്ഞ ദിവസം എത്തിയതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

നിലവിൽ പേർഷ്യൻ ഗൾഫ് മേഖലയിൽ 400ലധികം ഇന്ത്യൻ ജീവനക്കാരുള്ള 17ഓളം ഇന്ത്യൻ കപ്പലുകൾ തുടരുന്നുണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗും ഇന്ത്യൻ മിഷനുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും സജ്ജമാണ്. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾ ഈ മേഖലയിൽ വ്യാപാര കപ്പലുകൾക്ക് അകമ്പടി സേവിക്കാൻ സജ്ജമായി നിലയുറപ്പിച്ചിട്ടുണ്ട്. സംഘർഷം തുടങ്ങിയ ശേഷം ഇതുവരെ 1130ലധികം നാവികരെ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് സുരക്ഷിതമായി നാട്ടിലെത്തിച്ചു.
പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഏകദേശം 5,98,000 യാത്രക്കാർ ഇതുവരെ ഇന്ത്യയിലേക്ക് മടങ്ങിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇറാനിലെ ആണവനിലയങ്ങൾക്ക് നേരെയുണ്ടായ യുഎസ്-ഇസ്രായേൽ ആക്രമണവും തുടർന്നുണ്ടായ പ്രത്യാക്രമണങ്ങളും ആഗോള ഇന്ധന വിതരണ ശൃംഖലയെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കെയാണ് ഇന്ത്യയുടെ നിർണ്ണായക നയതന്ത്ര നീക്കങ്ങൾ. ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിത പാത ഒരുക്കുന്നതിനായി കേന്ദ്ര സർക്കാർ ഇറാൻ അധികൃതരുമായി നിരന്തരം ചർച്ചകൾ നടത്തിവരികയാണ്. നിലവിൽ ഇന്ത്യൻ തുറമുഖങ്ങളിലെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി.