സായുധ സേനകളുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായകമായ യുദ്ധവിമാന നിർമ്മാണത്തിൽ ആഗോളതലത്തിലെ മുൻനിര രാജ്യങ്ങളെ പരിചയപ്പെടാം. അമേരിക്ക ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ഇന്ത്യയും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
1. അമേരിക്ക
ലോകത്തിലെ ഏറ്റവും വലിയ യുദ്ധവിമാന നിർമ്മാതാക്കളാണ് അമേരിക്ക. ലോക്ഹീഡ് മാർട്ടിൻ, ബോയിംഗ് എന്നീ കമ്പനികളുടെ നേതൃത്വത്തിൽ പ്രതിവർഷം 190 മുതൽ 200 വരെ വിമാനങ്ങളാണ് രാജ്യത്ത് നിർമ്മിക്കുന്നത്. ‘എഫ്-35 ലൈറ്റ്നിംഗ് II’ (F-35 Lightning II) ആണ് പ്രധാന കരുത്ത്.

2. ചൈന
രണ്ടാം സ്ഥാനത്തുള്ള ചൈന പ്രതിവർഷം ഏകദേശം 100 യുദ്ധവിമാനങ്ങൾ പുറത്തിറക്കുന്നുണ്ട്. ചെങ്ദു എയർക്രാഫ്റ്റ് കോർപ്പറേഷൻ നിർമ്മിക്കുന്ന ‘ജെ-20’, ‘ജെ-35’ എന്നിവയാണ് ചൈനയുടെ പ്രമുഖ വിമാനങ്ങൾ. അഞ്ചാം തലമുറ വിമാനങ്ങൾക്ക് പുറമെ ആറാം തലമുറ വിമാനങ്ങളും ചൈന പുറത്തിറക്കിക്കഴിഞ്ഞു.
3. റഷ്യ
സുഖോയ്, UAC എന്നീ കമ്പനികളിലൂടെ പ്രതിവർഷം 50 വിമാനങ്ങളാണ് റഷ്യ നിർമ്മിക്കുന്നത്. സുഖോയ്-30, സുഖോയ്-34, സുഖോയ്-35, സുഖോയ്-57 എന്നിവയാണ് റഷ്യൻ വ്യോമസേനയുടെ നട്ടെല്ല്.
4. ഫ്രാൻസ്
റാഫേൽ വിമാനങ്ങളുടെ നിർമ്മാതാക്കളായ ഡസാൾട്ട് ഏവിയേഷൻ (Dassault Aviation) ഫ്രാൻസിനെ നാലാം സ്ഥാനത്തെത്തിക്കുന്നു. പ്രതിവർഷം 25 മുതൽ 30 വരെ റാഫേൽ വിമാനങ്ങളാണ് ഇവർ നിർമ്മിക്കുന്നത്.
5. യൂറോപ്യൻ കൺസോർഷ്യം
ബിഎഇ സിസ്റ്റംസ്, എയർബസ്, ലിയോനാർഡോ എന്നീ കമ്പനികൾ ചേർന്ന് യൂറോപ്യൻ രാജ്യങ്ങൾക്കായി ‘യൂറോഫൈറ്റർ ടൈഫൂൺ’ നിർമ്മിക്കുന്നു. നിലവിൽ പ്രതിവർഷം പരമാവധി 20 വിമാനങ്ങൾ നിർമ്മിക്കാനുള്ള ശേഷിയാണുള്ളത്.
6. ഇന്ത്യ
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) നിർമ്മിക്കുന്ന ‘തേജസ്’ വിമാനങ്ങളിലൂടെ ഇന്ത്യയും ഈ പട്ടികയിലുണ്ട്. പ്രതിവർഷം 25 വിമാനങ്ങൾ നിർമ്മിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ടെങ്കിലും എൻജിനുകളുടെ ലഭ്യതക്കുറവ് ഉൽപ്പാദനത്തെ ബാധിക്കുന്നു. അമേരിക്കൻ കമ്പനിയായ GE നൽകുന്ന എൻജിനുകളെയാണ് ഇന്ത്യ നിലവിൽ ആശ്രയിക്കുന്നത്.
