പ്രതിരോധ രംഗത്ത് ഇന്ത്യ നിർണായകമായ പുതിയ ചുവടുവെപ്പിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. അസ്ത്ര (Astra) പോലുള്ള അത്യാധുനിക വ്യോമ-വ്യോമ മിസൈലുകളുടെയും മറ്റ് ദൂരപരിധി കൂടിയ ആയുധങ്ങളുടെയും ഉത്പാദനത്തിലേക്ക് ആഭ്യന്തര സ്വകാര്യ കമ്പനികളെ പങ്കാളികളാക്കാൻ DRDO പദ്ധതിയിടുന്നതായി ഉന്നത പ്രതിരോധ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

പശ്ചിമേഷ്യൻ പ്രതിസന്ധി, റഷ്യ-ഉക്രെയ്ൻ യുദ്ധം, പാകിസ്ഥാൻ്റെ ‘ആർമി റോക്കറ്റ് ഫോഴ്സ് കമാൻഡ്’ രൂപീകരണം എന്നിവയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ചുരുങ്ങിയ കാലത്തിനുള്ളിൽ സ്വകാര്യ മേഖലയ്ക്ക് മിസൈൽ സാങ്കേതികവിദ്യ ലൈസൻസ് ചെയ്യാൻ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒയ്ക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് മിസൈലുകൾ, ആന്റി ഷിപ്പ് മിസൈലുകൾ എന്നിവയ്ക്ക് പുറമെ അസ്ട്ര അടക്കമുള്ള തദ്ദേശീയ മിസൈലുകളുടെ നിർമ്മാണവും സ്വകാര്യ കമ്പനികൾക്ക് കൈമാറാനാണ് സാധ്യത.
പൈലറ്റുമാരുടെ നേരിട്ടുള്ള കാഴ്ച്ചപരിധിക്കപ്പുറമുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള നൂറുകിലോമീറ്ററിലധികം ദൂരപരിധിയുള്ള ഗൈഡഡ് മിസൈലാണ് അസ്ത്ര. നിലവിൽ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (BDL) ആണ് ഇത്തരം മിസൈലുകളുടെ പ്രധാന ഉത്പാദകരെങ്കിലും, സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ രാജ്യത്തിന്റെ പ്രതിരോധ ഉത്പാദന ശേഷി വൻതോതിൽ വർദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ ഡൽഹി സുരക്ഷാ ഉച്ചകോടിയിലും മെയ് മാസത്തിൽ നടന്ന വ്യവസായ ഉച്ചകോടിയിലും പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് പരമ്പരാഗത മിസൈൽ സേനയുടെ ആവശ്യകതയെക്കുറിച്ചും സ്വകാര്യ മേഖലയ്ക്ക് സാങ്കേതികവിദ്യ കൈമാറുന്നതിനെക്കുറിച്ചും വ്യക്തമാക്കിയിരുന്നു. ഇറാൻ-യു.എസ്-ഇസ്രായേൽ സംഘർഷങ്ങളും പരമ്പരാഗത യുദ്ധങ്ങളിൽ ബാലിസ്റ്റിക് മിസൈലുകളുടെ വർദ്ധിച്ചുവരുന്ന ഉപയോഗവുമാണ് ഇത്തരം തീരുമാനങ്ങളിലേക്ക് സർക്കാരിനെ നയിച്ചത്.
പൊതുമേഖലാ പ്രതിരോധ സ്ഥാപനങ്ങളെയും സ്വകാര്യ കമ്പനികളെയും ഒരുമിച്ച് അണിനിരത്തിക്കൊണ്ടുള്ള ‘യൂണിഫൈഡ് ഡ്യുവൽ-പ്രൊഡക്ഷൻ പൈപ്പ്ലൈൻ’ പദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ മാറ്റം നടപ്പിലാക്കുന്നത്്. സമീപകാലത്ത് നടന്ന വിവിധ അന്താരാഷ്ട്ര സംഘർഷങ്ങളും ഓപ്പറേഷൻ സിന്ദൂരും ദൂരപരിധിയുള്ള ആയുധങ്ങളുടെയും ബിയോണ്ട് വിഷ്വൽ റേഞ്ച് ആയുധങ്ങളുടെയും പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു. ഇന്ത്യയുടെ സുരക്ഷാ മേഖലയെ കൂടുതൽ ശക്തമാക്കാനും ആയുധ നിർമ്മാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനും ഡി.ആർ.ഡി.ഒയുടെ ഈ തീരുമാനം സഹായകരമാകുമെന്നാണ് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
DRDO plans to involve Indian private companies to manufacture Astra air-to-air missiles and long-range weaponry to boost national defense capabilities
