പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് രാജ്യത്തെ വിവിധ മേഖലകൾ നേരിടുന്ന സാമ്പത്തിക സമ്മർദ്ദം കുറയ്ക്കാൻ 2.5 ലക്ഷം കോടി രൂപയുടെ ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതിയുമായി കേന്ദ്ര സർക്കാർ. കോവിഡ് കാലത്ത് ചെറുകിട ഇടത്തരം സംരംഭങ്ങളെ (MSME) സഹായിക്കാൻ ആവിഷ്കരിച്ച എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീമിന്റെ (ECGLS) വിപുലീകരിച്ച രൂപമായിരിക്കും ഇത്. വായ്പയെടുക്കുന്നവർ തിരിച്ചടവിൽ പരാജയപ്പെട്ടാൽ വായ്പാ തുകയുടെ 90 ശതമാനം വരെ നാഷണൽ ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റി കമ്പനി (NCGTC) വഴി സർക്കാർ ഉറപ്പുനൽകുന്നതാണ് ഈ പദ്ധതി. വരും ദിവസങ്ങളിൽ കേന്ദ്ര മന്ത്രിസഭ ഇതിന് അംഗീകാരം നൽകുമെന്നാണ് സൂചന.

പ്രധാനമായും ഏവിയേഷൻ, എംഎസ്എംഇ തുടങ്ങിയ മേഖലകളെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇറാൻ-ഇസ്രായേൽ സംഘർഷം കാരണം വിമാന സർവീസുകൾക്കും ചരക്ക് നീക്കത്തിനും ഉണ്ടായ അധിക ചിലവുകൾ മറികടക്കാൻ ഇത് സഹായകമാകും. നാല് വർഷം കാലാവധിയുള്ള ഈ പദ്ധതി പ്രകാരം ഈടില്ലാതെ കുറഞ്ഞ പലിശ നിരക്കിൽ ബിസിനസ്സുകൾക്ക് വായ്പ ലഭ്യമാക്കും. പണലഭ്യത കുറഞ്ഞും പ്രവർത്തന ചിലവ് വർദ്ധിച്ചും പ്രതിസന്ധിയിലായ വ്യവസായങ്ങൾക്ക് വലിയ ആശ്വാസമാകുന്നതാണ് സർക്കാരിന്റെ ഈ പുതിയ നീക്കം.
To shield industries from the West Asian crisis, the Indian government is set to approve a ₹2.5 lakh crore credit guarantee scheme. This ECLGS-style package will provide collateral-free loans to MSMEs and the aviation sector
