രാജ്യത്തെ റെയിൽവേ പ്രവർത്തനങ്ങളിൽ ചരിത്രനേട്ടം സ്വന്തമാക്കി ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ സ്പെഷ്യൽ ട്രെയിൻ സർവീസിന് തലസ്ഥാന നഗരിയിൽനിന്ന് തുടക്കമായി. തിരുവനന്തപുരം സെൻട്രലിൽ നിന്നും ആസാമിലെ ന്യൂ ടിൻസുക്കിയയിലേക്കാണ് ട്രെയിൻ നമ്പർ 06015 ആദ്യ യാത്ര ആരംഭിച്ചത്. ഏകദേശം 4,028 കിലോമീറ്റർ ദൂരം പിന്നിടുന്ന ഈ ട്രെയിൻ അഞ്ചാം ദിവസം പുലർച്ചെ 4:30ഓടെ ലക്ഷ്യസ്ഥാനത്തെത്തും. 83 മണിക്കൂറിലധികം നീളുന്നതാണ് യാത്ര.

തിരികെ ന്യൂ ടിൻസുക്കിയയിൽ നിന്നുള്ള സർവീസ് (ട്രെയിൻ നമ്പർ 06016) ഏപ്രിൽ 9ന് രാത്രി 8:00 മണിക്ക് ആരംഭിച്ച് അഞ്ചാം ദിവസം രാവിലെ 7:45ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. കേരളത്തെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ സർവീസ് കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, പാലക്കാട്, വിജയവാഡ, ഭുവനേശ്വർ, ഖാരഗ്പൂർ, ന്യൂ ജൽപായ്ഗുരി, ഗുവാഹത്തി തുടങ്ങിയ പ്രധാന റെയിൽവേ ഹബ്ബുകൾ വഴിയാണ് കടന്നുപോകുന്നത്.
യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് അത്യാധുനിക സൗകര്യങ്ങളോടെയുള്ള 22 കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. ഇതിൽ 2 എസി ത്രീ ടയർ കോച്ചുകൾ, 18 സ്ലീപ്പർ ക്ലാസ് കോച്ചുകൾ എന്നിവയ്ക്ക് പുറമെ ഭിന്നശേഷിക്കാർക്കായി പ്രത്യേക സൗകര്യങ്ങളുള്ള 2 സെക്കൻഡ് ക്ലാസ് കോച്ചുകളും ഉൾപ്പെടുന്നു. കേരളവും ആസാമും തമ്മിലുള്ള യാത്രാ സൗകര്യങ്ങൾ ഗണ്യമായി വർദ്ധിപ്പിക്കുന്നതിനൊപ്പം, ദീർഘദൂര യാത്രക്കാർക്ക് സുഗമമായ റെയിൽവേ അനുഭവം നൽകാനും ഈ പുതിയ സർവീസിലൂടെ തിരുവനന്തപുരം ഡിവിഷന് സാധിക്കും.
Spanning 4,028 km over 83 hours, India’s longest special train has flagged off from Thiruvananthapuram to Assam. Discover the route, coach details, and schedule of this historic service
