യുപിഐ വഴി പണം അയക്കുമ്പോൾ അതിവേഗം ഇടപാടുകൾ പൂർത്തിയാകുന്ന രീതിക്ക് മാറ്റം വരുന്നു. 10,000 രൂപയ്ക്ക് മുകളിലുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് ഒരു മണിക്കൂർ സമയപരിധി (Time Delay) ഏർപ്പെടുത്തുന്ന കാര്യം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) പരിഗണനയിലാണ്. വർദ്ധിച്ചുവരുന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഇടപാടിൽ എന്തെങ്കിലും അസ്വാഭാവികത തോന്നിയാൽ പണം കൈമാറുന്നത് തടയാൻ ഉപഭോക്താക്കൾക്ക് സമയം നൽകുക എന്നതാണ് ഈ നിർദ്ദേശത്തിന് പിന്നിലെ പ്രധാന ലക്ഷ്യം.

UPI transaction limit RBI new rules for UPI

പുതിയ നിർദ്ദേശം അനുസരിച്ച്, 10000 രൂപയിൽ കൂടുതൽ അയക്കുമ്പോൾ പണം അക്കൗണ്ടിൽ നിന്ന് കുറയുമെങ്കിലും സ്വീകർത്താവിലേക്ക് എത്താൻ ഒരു മണിക്കൂർ വൈകും. ഈ സമയത്തിനുള്ളിൽ താൻ വഞ്ചിക്കപ്പെട്ടുവെന്ന് ഉപഭോക്താവിന് ബോധ്യപ്പെട്ടാൽ ഇടപാട് റദ്ദാക്കാൻ സാധിക്കും. പ്രത്യേകിച്ച് പുതിയ അക്കൗണ്ടുകളിലേക്കോ അപരിചിതമായ ഇടപാടുകളോ നടക്കുമ്പോൾ ബാങ്കുകൾക്കും ഇത് പരിശോധിക്കാൻ സമയം ലഭിക്കും. 10000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളിലാണ് രാജ്യത്തെ ഡിജിറ്റൽ തട്ടിപ്പുകളിലൂടെയുള്ള പണനഷ്ടത്തിന്റെ 98.5 ശതമാനവും നടക്കുന്നത് എന്ന കണ്ടെത്തലാണ് ആർബിഐയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്.

മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി 50000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ‘വിശ്വസ്തനായ ഒരാളുടെ’ (Trusted person) അനുമതി കൂടി വേണമെന്ന നിർദ്ദേശവും ആർബിഐ മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ സാധാരണക്കാരുടെ ദൈനംദിന ഇടപാടുകളെയും ഇഎംഐ പോലുള്ള പേയ്‌മെന്റുകളെയും ഇത് ബാധിക്കില്ല. ഈ നിർദ്ദേശങ്ങളിൽ പൊതുജനങ്ങൾക്ക് മെയ് 8 വരെ അഭിപ്രായം അറിയിക്കാം. സുരക്ഷയ്ക്കായി വേഗതയിൽ അല്പം വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെങ്കിലും, ലക്ഷക്കണക്കിന് ആളുകളുടെ അധ്വാനഫലം തട്ടിപ്പുകാർ കൊണ്ടുപോകുന്നത് തടയാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.

To combat rising online fraud, RBI considers a 1-hour time delay for UPI transfers exceeding ₹10,000. Learn how this “cooling-off” period aims to protect users and allow transaction cancellations

Share.

Comments are closed.

Exit mobile version