ഗൾഫ് മേഖലയിലെ യുദ്ധം 50 ദിവസം പിന്നിടുമ്പോൾ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകശ്രദ്ധാകേന്ദ്രമാകുന്നു. ഹോർമുസ് കടലിടുക്കിൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധത്തെത്തുടർന്ന് യുഎഇയിലെ തുറമുഖങ്ങളിൽ അടുക്കാൻ കഴിയാത്ത എട്ട് പ്രമുഖ രാജ്യാന്തര കമ്പനികളുടെ നൂറോളം കപ്പലുകളാണ് വിഴിഞ്ഞത്ത് ബർത്തിംഗിനായി കാത്തുനിൽക്കുന്നത്. രാജ്യാന്തര കപ്പൽ ചാലിൽ നിന്നും വെറും 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണെന്ന ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് വിഴിഞ്ഞത്തെ കപ്പൽ കമ്പനികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നത്. മുംബൈ, മുന്ദ്ര തുടങ്ങിയ വടക്കൻ തുറമുഖങ്ങളിലേക്ക് പോകുന്നതുമായി താരതമ്യം ചെയ്യുമ്പോൾ വിഴിഞ്ഞം തിരഞ്ഞെടുക്കുന്നതിലൂടെ കപ്പലുകൾക്ക് 50 മണിക്കൂറിലധികം യാത്രാസമയവും വൻതോതിൽ ഇന്ധനവും ലാഭിക്കാൻ സാധിക്കുന്നു.

യൂറോപ്പ്, തെക്കേ അമേരിക്ക, ചൈന, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കൂറ്റൻ മദർഷിപ്പുകൾ വിഴിഞ്ഞത്തേക്ക് വരാൻ താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും നിലവിലെ സ്ഥലപരിമിതി വെല്ലുവിളിയാകുന്നുണ്ട്. തുറമുഖത്തെ ഒന്നാം ഘട്ടത്തിലെ 800 മീറ്റർ ബർത്തിൽ നിലവിൽ ഒരേസമയം രണ്ട് മദർഷിപ്പുകൾ മാത്രമേ അടുപ്പിക്കാൻ കഴിയൂ. ഈ സ്ഥലം നിലവിൽ ഷിപ്പിംഗ് ഭീമനായ MSC കപ്പലുകൾക്കായി മാറ്റിവെച്ചിരിക്കുകയാണ്. ഈ പരിമിതികൾ മറികടക്കാൻ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് 10,000 കോടി രൂപയുടെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. വികസനം പൂർത്തിയാകുന്നതോടെ 2028ഓടെ ബർത്തിന്റെ നീളം 2,000 മീറ്ററായി ഉയർത്തുകയും ഒരേസമയം അഞ്ച് മദർഷിപ്പുകൾക്ക് നങ്കൂരമിടാൻ സൗകര്യമൊരുക്കുകയും ചെയ്യും.
നിലവിൽ പ്രതിമാസം ശരാശരി 60 കപ്പലുകൾ എത്തുന്ന വിഴിഞ്ഞം രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന തുറമുഖമാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന വിഴിഞ്ഞത്ത് ഇതുവരെ 869 കപ്പലുകൾ എത്തുകയും 18.20 ലക്ഷത്തിലധികം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഐഒസിയുടെ ലിക്വിഡ് ടെർമിനൽ കൂടി സജ്ജമാകുന്നതോടെ രാജ്യാന്തര കപ്പൽ ചാലിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാനുള്ള സുപ്രധാന കേന്ദ്രമായും വിഴിഞ്ഞം മാറും. പശ്ചിമേഷ്യൻ യുദ്ധം തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ വിഴിഞ്ഞത്തേക്ക് എത്തുന്ന കപ്പലുകളുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Over 100 international ships are seeking permission to dock at Vizhinjam Port as the Strait of Hormuz blockade disrupts Gulf routes. Discover how Vizhinjam’s strategic location saves 50+ hours of travel and why a ₹10,000 crore expansion is underway to meet this massive global demand.
