ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ ആധിപത്യം ലക്ഷ്യമിട്ട് പ്രമുഖ എഐ സ്റ്റാർട്ടപ്പായ ആന്ത്രോപ്പിക്കിൽ (Anthropic) 5 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപം നടത്താൻ ആമസോൺ ഒരുങ്ങുന്നു. ആമസോണിന്റെ ക്ലൗഡ് സാങ്കേതികവിദ്യകളും ചിപ്പുകളും ഉപയോഗിക്കുന്നതിനായി അടുത്ത 10 വർഷത്തിനുള്ളിൽ 100 ബില്യൺ ഡോളർ ചിലവഴിക്കുമെന്ന് ആന്ത്രോപ്പിക് പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. ഇതോടെ വരും വർഷങ്ങളിൽ ആന്ത്രോപ്പിക്കിലെ ആമസോണിന്റെ ആകെ നിക്ഷേപം 25 ബില്യൺ ഡോളർ വരെയായി ഉയർന്നേക്കും. നിലവിൽ ക്ലോഡ് (Claude) ചാറ്റ്ബോട്ടിന്റെ നിർമ്മാതാക്കളായ ആന്ത്രോപ്പിക്കിന്റെ ഏറ്റവും വലിയ നിക്ഷേപകരിലൊന്നാണ് ആമസോൺ.

ഈ പങ്കാളിത്തം വഴി ആമസോണിന്റെ ട്രെയിനിയം (Trainium) എഐ ചിപ്പുകളുടെ പ്രധാന ഉപഭോക്താവായി ആന്ത്രോപ്പിക് മാറും. അതേസമയം ആമസോൺ വെബ് സർവീസസ് (AWS) വഴിയുള്ള ലക്ഷക്കണക്കിന് കോർപ്പറേറ്റ് ഉപഭോക്താക്കളിലേക്ക് തങ്ങളുടെ സേവനങ്ങൾ എത്തിക്കാൻ ആന്ത്രോപ്പിക്കിനും സാധിക്കും. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഈ സ്റ്റാർട്ടപ്പിന്റെ വിപണി മൂല്യം നിലവിൽ 800 ബില്യൺ ഡോളറിന് മുകളിലായാണ് നിക്ഷേപകർ കണക്കാക്കുന്നത്. ഈ വർഷം തന്നെ ആന്ത്രോപ്പിക് പൊതുവിപണിയിലേക്ക് (IPO) കടക്കുമെന്നും സൂചനകളുണ്ട്
Amazon strengthens its AI foothold with a fresh $5 billion investment in Anthropic. The deal positions AWS Trainium chips at the core of Anthropic’s operations as part of a $100 billion decadal vision