ഐഐടി മദ്രാസിലെ തന്റെ സഹപാഠിയും മലയാളി ഐഎഎസ് ഉദ്യോഗസ്ഥനുമായ രാജു നാരായണ സ്വാമിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് സോഹോ (Zoho) സ്ഥാപകൻ ശ്രീധർ വെമ്പു. ഐഐടി പഠനകാലത്ത് അസാമാന്യ പ്രതിഭയായിരുന്ന സ്വാമി, മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (MIT) നിന്നുള്ള സ്കോളർഷിപ്പ് നിരസിച്ചാണ് ഇന്ത്യയിൽ സേവനം ചെയ്യാൻ തീരുമാനിച്ചതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

1985ലെ ഐഐടി പ്രവേശന പരീക്ഷയിൽ പത്താം റാങ്ക് നേടിയ സ്വാമി, 1991ലെ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയാണ് കേരള കേഡറിൽ ചേർന്നത്. അഴിമതിക്കെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹത്തെ സഹപാഠികൾ വിദേശത്തേക്ക് ചേക്കേറിയപ്പോഴും നാട്ടിൽ തുടരാൻ തീരുമാനിച്ച വ്യക്തിയായാണ് ശ്രീധർ വെമ്പു വിശേഷിപ്പിച്ചത്. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ പേരിൽ നിരവധി സ്ഥലംമാറ്റങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള രാജു നാരായണ സ്വാമിയുടെ കരിയറിനെ പ്രകീർത്തിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Zoho founder Sridhar Vembu honors IAS officer Raju Narayana Swamy, recalling how he rejected an MIT scholarship to serve India and fight corruption.
