ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിൽ നിർണ്ണായക മാറ്റത്തിനൊരുങ്ങി ഐഎസ്ആർഒ. ഇതുവരെ സൈനിക പൈലറ്റുമാർക്ക് മാത്രം പരിമിതപ്പെടുത്തിയിരുന്ന ബഹിരാകാശ യാത്രികരുടെ സംഘത്തിലേക്ക് (Astronaut Corps) ഇനി സാധാരണ പൗരന്മാരെയും ഉൾപ്പെടുത്തും. ഇതിന്റെ ഭാഗമായുള്ള ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ഐഎസ്ആർഒ ഉടൻ ആരംഭിക്കും. ദീർഘകാലാടിസ്ഥാനത്തിലുള്ള ബഹിരാകാശ പദ്ധതികൾക്കായി സിവിലിയൻ വിദഗ്ധരുടെ സേവനം കൂടി ആവശ്യമാണെന്ന വിലയിരുത്തലിലാണ് ഈ തീരുമാനം.

പുതിയ ബാച്ചിൽ ആകെ 10 പേരെയാണ് തിരഞ്ഞെടുക്കാൻ ശുപാർശ ചെയ്തിട്ടുള്ളത്. ഇതിൽ ആറ് പേർ സൈനിക പൈലറ്റുമാരും നാല് പേർ ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (STEM) എന്നീ മേഖലകളിൽ നിന്നുള്ള സിവിലിയൻ വിദഗ്ധരുമായിരിക്കും. വ്യോമസേനയിലെ പൈലറ്റുമാരെ കൂടാതെ ഇത്തവണ കോംബാറ്റ് ഹെലികോപ്റ്റർ പൈലറ്റുമാരെയും സൈനിക വിഭാഗത്തിൽ നിന്ന് പരിഗണിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് മുതൽ പരിശീലനം വരെയുള്ള ഘട്ടങ്ങൾ പൂർത്തിയാക്കാൻ ഏകദേശം നാലര വർഷത്തോളം സമയമെടുക്കും.
ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ ഉൾപ്പെടെയുള്ള ഇന്ത്യയുടെ ഭാവി പദ്ധതികൾ ലക്ഷ്യമിട്ട് ഏകദേശം 40 പേരടങ്ങുന്ന സ്ഥിരം ആസ്ട്രോനട്ട് കേഡർ രൂപീകരിക്കാനാണ് ഐഎസ്ആർഒ സമിതി ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിലെ ദൗത്യങ്ങൾ സാങ്കേതിക പരിശോധനകൾക്ക് മുൻഗണന നൽകുന്നതിനാൽ ആദ്യ ബാച്ചിൽ വ്യോമസേന പൈലറ്റുമാരെ മാത്രമായിരുന്നു ഉൾപ്പെടുത്തിയത്. എന്നാൽ തുടർന്നുള്ള ദൗത്യങ്ങളിൽ ശാസ്ത്രീയ ഗവേഷണങ്ങൾക്ക് പ്രാധാന്യം ലഭിക്കുന്നതോടെ സിവിലിയൻ വിദഗ്ധരുടെ സാന്നിധ്യം അനിവാര്യമായി മാറും. വരും വർഷങ്ങളിൽ വർഷത്തിൽ രണ്ട് മനുഷ്യ ദൗത്യങ്ങൾ വരെ നടത്താനാണ് ഐഎസ്ആർഒയുടെ പദ്ധതി.
ISRO opens its elite Astronaut Corps to civilians. The new batch will include STEM experts alongside military pilots for future missions to the Bharatiya Antariksha Station. Learn about the selection and training plan
