തൊഴിലാളി ക്ഷേമം, പ്രാദേശിക തൊഴിലവസരങ്ങൾ, സംരംഭകത്വം എന്നിവയിൽ അധിഷ്ഠിതമായ വളർച്ചാ സ്ട്രാറ്റജി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഇന്ന് പുറത്തിറക്കി. അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ ഗ്രൂപ്പിലെ ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം ഈ നിർണായക പ്രഖ്യാപനം നടത്തിയത്.

Adani Group growth strategy and worker welfare

തൊഴിലാളികൾ വെറും ജീവനക്കാരല്ല, മറിച്ച് രാഷ്ട്രം കെട്ടിപ്പടുക്കുന്നവരാണെന്ന് അദാനി ഓർമ്മിപ്പിച്ചു. ഇതിന്റെ ഭാഗമായി വൻകിട ക്ഷേമ പദ്ധതികളാണ് ഗ്രൂപ്പ് നടപ്പിലാക്കുന്നത്. ഗുജറാത്തിലെ മുന്ദ്രയിലും ഖവ്ദയിലുമായി 50,000 തൊഴിലാളികൾക്കായി എയർകണ്ടീഷൻ ചെയ്ത താമസസൗകര്യം ഒരുക്കും. മുന്ദ്രയിലെ സെൻട്രലൈസ്ഡ് അടുക്കളയിലൂടെ പ്രതിദിനം ഒരു ലക്ഷം പോഷകാഹാരങ്ങൾ തൊഴിലാളികൾക്ക് വിതരണം ചെയ്യും. ഓരോ തൊഴിലാളിക്കും അന്തസ്സോടെ ജീവിക്കാനും ജോലി ചെയ്യാനും അവകാശമുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു

പദ്ധതി പ്രദേശങ്ങളിലെ തൊഴിലവസരങ്ങളിൽ പ്രാദേശിക സമൂഹത്തിനാണ് ഗ്രൂപ്പ് മുൻഗണന നൽകുന്നത്. ആദ്യം അടുത്തുള്ള പ്രദേശവാസികൾക്കും, പിന്നീട് സംസ്ഥാനത്തുള്ളവർക്കും എന്ന രീതിയിലായിരിക്കും നിയമനം. കൂടാതെ, കരാറുകാരുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലൂടെ താഴെത്തട്ടിലുള്ള സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാനും ഗ്രൂപ്പ് ലക്ഷ്യമിടുന്നു. ഹദുഭായ് രബാരിയെപ്പോലുള്ള സാധാരണക്കാർ വലിയ സംരംഭകരായി വളർന്നത് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി

തീരുമാനങ്ങൾ എടുക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ മൂന്ന് തലങ്ങളുള്ള  സംഘടനാ ഘടന നടപ്പിലാക്കും. ഇത് സൈറ്റ് തലത്തിലുള്ള തീരുമാനങ്ങൾ ദിവസങ്ങളിൽ നിന്ന് മണിക്കൂറുകളിലേക്ക് ചുരുക്കാൻ സഹായിക്കും.

അദാനി സ്കിൽ സെന്ററിലൂടെ തൊഴിലാളികൾക്ക് വൈദഗ്ധ്യം നേടാനും നേതൃസ്ഥാനങ്ങളിലേക്ക് ഉയരാനും അവസരം ലഭിക്കും.ഒരു സാധാരണ തൊഴിലാളിയായി ജോലിയിൽ പ്രവേശിച്ച് കോർപ്പറേറ്റ് തലത്തിലേക്ക് ഉയർന്ന സുബ്ബുവിന്റെ കഥ കഴിവും നൈപുണ്യവും വളർത്തുന്നതിലുള്ള ഗ്രൂപ്പിന്റെ ശ്രദ്ധയ്ക്ക് തെളിവായി അദ്ദേഹം അവതരിപ്പിച്ചു.

ശക്തമായ ലിക്വിഡിറ്റിയും മൂലധന ലഭ്യതയും ഉപയോഗപ്പെടുത്തി പദ്ധതികളുടെ നിർവ്വഹണം വേഗത്തിലാക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

മുന്ദ്ര പോർട്ട്, ഖവ്ദ റിന്യൂവബിൾ എനർജി പാർക്ക്, നവി മുംബൈ വിമാനത്താവളം, ഗംഗാ എക്സ്പ്രസ് വേ തുടങ്ങിയ പദ്ധതികൾ ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കരുത്തേകുമെന്ന് അദാനി കൂട്ടിച്ചേർത്തു. വെറും ആസ്തികൾ എന്നതിലുപരി രാജ്യപുരോഗതിക്കുള്ള പടിയായാണ് ഈ പദ്ധതികളെ ഗ്രൂപ്പ് കാണുന്നത്.

Gautam Adani announces a community-first hiring strategy and massive welfare projects, including AC housing for 50,000 workers and centralized kitchens, to mark Labor Day

Share.

Comments are closed.

Exit mobile version