റിലയൻസ്-ഡിസ്നി ലയനത്തിലൂടെ രൂപീകരിച്ച രാജ്യത്തെ ഏറ്റവും വലിയ വിനോദ ശൃംഖലയായ ജിയോ സ്റ്റാറിനെതിരെ പകർപ്പവകാശ ലംഘനത്തിന് നിയമനടപടിയുമായി സീ എന്റർടൈൻമെന്റ് (Zee Entertainment). കരാർ കാലാവധി അവസാനിച്ചിട്ടും തങ്ങളുടെ ഉടമസ്ഥതയിലുള്ള സംഗീതം അനധികൃതമായി ഉപയോഗിച്ചു എന്ന് ആരോപിച്ചാണ് സീ ഡൽഹി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഏകദേശം 3 മില്യൺ ഡോളർ നഷ്ടപരിഹാരമാണ് സീ ആവശ്യപ്പെട്ടിരിക്കുന്നത്.

2024ലും 2025ലുമായി മ്യൂസിക് ലൈസൻസ് കരാറുകൾ അവസാനിച്ചിട്ടും വാണിജ്യപരമായ തർക്കങ്ങൾ കാരണം അവ പുതുക്കിയിരുന്നില്ല. എന്നാൽ ഇതിനുശേഷവും കുറഞ്ഞത് 50 തവണയെങ്കിലും റിലയൻസ്-ഡിസ്നി പ്ലാറ്റ്ഫോമുകൾ തങ്ങളുടെ സംഗീതം നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്ന് സീ കോടതിയിൽ സമർപ്പിച്ച 1,800 പേജുള്ള ഹർജിയിൽ ആരോപിക്കുന്നു. റിലയൻസിന്റെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും ചില ടിവി ചാനലുകളിലും വന്ന ഡാൻസ്, മ്യൂസിക് ഷോകളിലാണ് അനുമതിയില്ലാതെ ഗാനങ്ങൾ ഉപയോഗിച്ചത്.
കേസ് പരിഗണിച്ച കോടതി, പകർപ്പവകാശ ലംഘനം നടക്കുന്നില്ലെന്ന് 15 ദിവസത്തിനകം ഉറപ്പുവരുത്താൻ ജിയോ സ്റ്റാറിനോട് നിർദ്ദേശിച്ചു. ജൂലൈ 23നാണ് കേസ് വീണ്ടും പരിഗണിക്കുക. ക്രിക്കറ്റ് സംപ്രേക്ഷണാവകാശവുമായി ബന്ധപ്പെട്ട് ലണ്ടനിൽ ഇരു കമ്പനികളും തമ്മിൽ നിലവിൽ ഒരു ശതകോടി ഡോളറിന്റെ നിയമപോരാട്ടം തുടരുന്നതിനിടയിലാണ് പുതിയ കേസ് വന്നിരിക്കുന്നത്. ഇൻസ്റ്റാഗ്രാം റീലുകളിൽ അനുമതിയില്ലാതെ ഗാനങ്ങൾ ഉപയോഗിച്ചതിന് നൈക്കയ്ക്കെതിരെയും (Nykaa) സീ സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം കേസ് കൊടുത്തിരുന്നു.
Zee Entertainment has filed a lawsuit against Reliance-Disney (JioStar) in the Delhi High Court, seeking $3 million in damages for the unauthorized use of its music library despite expired contracts. The 1,800-page petition alleges over 50 instances of illegal music usage across streaming platforms and TV channels.