ടാറ്റ ഗ്രൂപ്പിന്റെ വിവിധ കമ്പനികളുടെ ബോർഡ് അംഗത്വങ്ങളിൽ നിന്ന് നോയൽ ടാറ്റ വിരമിക്കാനൊരുങ്ങുന്നു. ഈ നവംബറിൽ അദ്ദേഹത്തിന് 70 വയസ്സ് തികയുന്ന സാഹചര്യത്തിലാണ് ഈ നിർണ്ണായക നീക്കം. ടാറ്റ ഗ്രൂപ്പിന്റെ ചട്ടമനുസരിച്ച്, എക്സിക്യൂട്ടീവ് തസ്തികയിലുള്ളവർ 65 വയസ്സിലും നോൺ-എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങൾ 70 വയസ്സിലും വിരമിക്കണം. നോയൽ ടാറ്റയുടെ ഒഴിവിലേക്ക് പകരക്കാരെ കണ്ടെത്തുന്നതിനായി ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ചകൾ ആരംഭിച്ചതായാണ് വിവരം.

നിലവിൽ ട്രെന്റ് (Trent), വോൾട്ടാസ് (Voltas), ടാറ്റ ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ, ടാറ്റ ഇന്റർനാഷണൽ എന്നിവയുടെ ചെയർമാനും ടാറ്റ സ്റ്റീൽ, ടൈറ്റൻ എന്നിവയുടെ വൈസ് ചെയർമാനുമാണ് നോയൽ ടാറ്റ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ട്രെന്റ്, വോൾട്ടാസ് തുടങ്ങിയ കമ്പനികൾ വലിയ വളർച്ചയാണ് കൈവരിച്ചത്. പ്രത്യേകിച്ച് ട്രെന്റിന്റെ വരുമാനം പത്തുവർഷത്തിനിടെ ഒൻപത് മടങ്ങിലധികം വർധിക്കുകയും ഓഹരി വിപണിയിൽ നിക്ഷേപകർക്ക് വൻ നേട്ടം നൽകുകയും ചെയ്തു. കമ്പനികളുടെ സുസ്ഥിരമായ വളർച്ച ഉറപ്പാക്കാൻ വരും മാസങ്ങളിൽ ബോർഡ് തലത്തിൽ വലിയ അഴിച്ചുപണികൾ ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം, ടാറ്റ ഗ്രൂപ്പിന്റെ പ്രധാന ഓഹരി പങ്കാളികളായ ‘ടാറ്റ ട്രസ്റ്റ്‌സി’ന്റെ ചെയർമാനായി നോയൽ ടാറ്റ തുടരും. ട്രസ്റ്റുകളുടെ അധ്യക്ഷ പദവിയിൽ തുടരുന്നതിന് പ്രായപരിധി ബാധകമല്ലാത്തതിനാലാണിത്. 2024 ഒക്ടോബറിലാണ് അദ്ദേഹം ടാറ്റ ട്രസ്റ്റിന്റെ തലപ്പത്തെത്തിയത്. ടാറ്റ സൺസിന്റെ ബോർഡിലും ട്രസ്റ്റ് പ്രതിനിധിയായി അദ്ദേഹം തുടരും. പ്രധാന കമ്പനികൾ വലിയ നിക്ഷേപ പദ്ധതികളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ, നോയൽ ടാറ്റയുടെ പിൻഗാമിയായി ആര് വരുമെന്നത് നിക്ഷേപകർ അതീവ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.
Noel Tata is set to exit the boards of Tata Group companies as he turns 70. While he steps down from Trent and Voltas, he will remain Chairman of Tata Trusts.