തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ജനക്ഷേമം മുൻനിർത്തി സുപ്രധാന തീരുമാനവുമായി വിജയ്. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള 717 സർക്കാർ മദ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കകം ഈ നടപടി പൂർത്തിയാക്കാനാണ് നിർദ്ദേശം. നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 4,765 മദ്യവിൽപ്പന ശാലകളിൽ നടത്തിയ പ്രത്യേക സർവേയിലൂടെയാണ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന കടകൾ കണ്ടെത്തിയത്.

സർക്കാരിന് വലിയ തോതിൽ വരുമാനം നൽകുന്ന മേഖലയാണെങ്കിലും, മദ്യവിൽപ്പന ശാലകൾ കുറയ്ക്കണമെന്ന പൊതുജനങ്ങളുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും ആവശ്യം പരിഗണിച്ചാണ് ഈ നടപടി. തമിഴ്‌നാട് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റാണ് (DIPR) മുഖ്യമന്ത്രിയുടെ ഈ ഉത്തരവ് ഔദ്യോഗികമായി പുറത്തുവിട്ടത്. ജനവാസ മേഖലകളിലും വിദ്യാലയങ്ങൾക്കടുത്തും മദ്യശാലകൾ പ്രവർത്തിക്കുന്നത് വലിയ സാമൂഹിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്ന പരാതിക്ക് ഇതോടെ പരിഹാരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Tamil Nadu CM Vijay orders the immediate closure of 717 government liquor outlets located near schools and places of worship. Action to be completed within two weeks.
