ദിവസങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ നാടകങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട്, കേരളത്തിന്റെ  മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. പത്തുവർഷത്തെ പിണറായി സർക്കാരിന് അന്ത്യം കുറിച്ച് 102 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തിയെങ്കിലും, കഴിഞ്ഞ പത്തുദിവസമായി മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള കടുത്ത തർക്കത്തിലായിരുന്നു പാർട്ടി. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് എഐസിസി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ നിരീക്ഷക ദീപ ദാസ് മുൻഷിയാണ് സതീശന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കെ.സി.

VD Satheesan new Kerala Chief Minister

വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും പദവിക്കായി അവകാശവാദം ഉന്നയിച്ചതോടെ പോരാട്ടം പാർട്ടിക്കുള്ളിലും സാമൂഹിക മാധ്യമങ്ങളിലും ഒരുപോലെ സജീവമായിരുന്നു. ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ കെ.സി. വേണുഗോപാലിന് ഉണ്ടായിരുന്നെങ്കിലും, ജനവികാരവും ഘടകക്ഷികളുടെ നിലപാടും സതീശന് തുണയാവുകയായിരുന്നു. കേരളത്തിലെ പൊതുസമൂഹം മാറ്റം ആഗ്രഹിക്കുന്നുവെന്ന വിലയിരുത്തലും മൂന്ന് മുൻ കെപിസിസി പ്രസിഡന്റുമാരുടെ ഉറച്ച പിന്തുണയും ഹൈക്കമാൻഡിനെ സതീശനിലേക്ക് എത്തിക്കുന്നതിൽ നിർണായകമായി. തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം സമ്മാനിച്ച നായകൻ എന്ന പരിവേഷമുണ്ടായിട്ടും, എംഎൽഎമാരുടെ അംഗബലത്തിൽ മുന്നിലായിരുന്ന കെ.സി. വേണുഗോപാലിനെ തള്ളി സതീശനെ തന്നെ ഹൈക്കമാൻഡ് തിരഞ്ഞെടുക്കുകയായിരുന്നു.

അന്തിമ തീരുമാനത്തിന് മുന്നോടിയായി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവർ കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഡൽഹിയിൽ വെച്ച് വിശദമായ ചർച്ചകൾ നടത്തിയിരുന്നു. നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്‌നിക് എന്നിവർ എംഎൽഎമാരിൽ നിന്നും ഘടകക്ഷികളിൽ നിന്നും ശേഖരിച്ച റിപ്പോർട്ടുകളും ഇതിനായി പരിഗണിച്ചു. ഇന്ന് രാവിലെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലുമായി നടത്തിയ നീണ്ട ചർച്ചകൾക്കൊടുവിലാണ് സമവായമായത്. ഇതോടെ കേരള രാഷ്ട്രീയത്തിൽ കഴിഞ്ഞ പത്തുദിവസമായി തുടർന്ന ‘ത്രില്ലർ’ പോരാട്ടത്തിനാണ് ശുഭപര്യവസാനമായത്.

Ending days of political drama, Congress High Command names V.D. Satheesan as the new Kerala Chief Minister. UDF secures 102 seats, ending 10 years of LDF rule

Share.

Comments are closed.

Exit mobile version