ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രതിരോധ-സുരക്ഷാ ബന്ധം പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും സമഗ്രമായ പുതിയ റോഡ്മാപ്പ് പ്രഖ്യാപിച്ചു. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രതിരോധ മന്ത്രി ഷിൻജിറോ കൊയ്തുമിയും തമ്മിൽ നടന്ന ഉന്നതതല ചർച്ചയിലാണ് നിർണായക തീരുമാനങ്ങളുണ്ടായത്. ഇന്ത്യൻ നാവികസേനയും ജപ്പാൻ മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്സും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനായി മാരിടൈം സെക്യൂരിറ്റി കോർപ്പറേഷനിലുള്ള ധാരണാപത്രത്തിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. സമുദ്രമേഖലയിലെ സുരക്ഷ, വിവരങ്ങൾ പങ്കുവെക്കൽ, രക്ഷാപ്രവർത്തനങ്ങൾ എന്നിവ മെച്ചപ്പെടുത്താൻ ഈ കരാർ സഹായിക്കും.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംയുക്ത കപ്പൽ നിർമ്മാണവും നാവികസേനാ സഹകരണവും സംബന്ധിച്ച് പ്രധാന ചർച്ചകൾ നടന്നു. ജപ്പാന്റെ അത്യാധുനിക സാങ്കേതികവിദ്യയും ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്കു കീഴിലുള്ള ഉൽപ്പാദന ശേഷിയും സംയോജിപ്പിച്ച് നാവിക കപ്പലുകളുടെ രൂപകൽപ്പനയും നിർമ്മാണവും സംയുക്തമായി നടപ്പിലാക്കാൻ തീരുമാനമായി. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ആദ്യ പ്രതിരോധ ഉപകരണ കൈമാറ്റ പദ്ധതിയായ ‘യൂണികോൺ’ (UNICORN) ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ ആന്റിന സിസ്റ്റത്തിന്റെ നിർമ്മാണ പുരോഗതിയും ചർച്ചകളിൽ വിഷയമായി. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ (BEL) സഹകരണത്തോടെയാണ് ഈ അത്യാധുനിക ആന്റിന സംവിധാനം ഇന്ത്യയിൽ വികസിപ്പിക്കുന്നത്.

ഇൻഡോ-പസഫിക് മേഖലയിലെ സമാധാനവും സുസ്ഥിരതയും ലക്ഷ്യമിട്ട് ഇരു രാജ്യങ്ങളുടെയും സേനകൾ തമ്മിലുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ കൂടുതൽ വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ വർഷം നടക്കാനിരിക്കുന്ന ‘വീർ ഗാർഡിയൻ 26’ വ്യോമസേനാഭ്യാസത്തിൽ ജപ്പാന്റെ ഫൈറ്റർ ജെറ്റുകൾ ആദ്യമായി ഇന്ത്യയിലെത്തി പങ്കെടുക്കും. ഇന്ത്യയുടെ ‘മഹാസാഗർ’ കാഴ്ചപ്പാടും ജപ്പാന്റെ ‘സ്വതന്ത്ര ഇൻഡോ-പസഫിക്’ നയവും തമ്മിലുള്ള യോജിപ്പ് ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

India and Japan announce a comprehensive defence roadmap boosting maritime security, joint naval shipbuilding under Make in India, and UNICORN antenna project

Share.
Leave A Reply

Exit mobile version