കേരളത്തില്‍   സ്വര്‍ണവില ഏകീകരിക്കാന്‍ സ്വര്‍ണ വ്യാപാര സംഘടനകൾ.
സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കുന്നതിൽ നിലനിന്നിരുന്ന ഉപഭോക്തൃ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനും വിപണിയിൽ സുതാര്യത ഉറപ്പാക്കാനുമായി പ്രമുഖ സ്വർണവ്യാപാര സംഘടനകൾ സംയുക്തമായി യോഗം ചേർന്ന് വില ഏകീകരിക്കാൻ തീരുമാനിച്ചു.

ഇനി മുതൽ സംസ്ഥാനത്ത് പല സമയങ്ങളിലായി സ്വർണവില മാറുന്ന രീതി അവസാനിക്കും. ദിവസത്തിൽ രണ്ട് തവണ മാത്രമായിരിക്കും വില നിശ്ചയിക്കുക.
രാവിലെ 9:30-ന് മുൻപ് ആദ്യത്തെ വില പ്രഖ്യാപിക്കും.
ഉച്ചയ്ക്ക് ശേഷം 2:00 മണിക്ക് രണ്ടാമത്തെ വില പുതുക്കി നിശ്ചയിക്കും.

സ്വർണവില ദിവസേന കൃത്യമായി നിശ്ചയിക്കുന്നതിനായി നാല് പ്രമുഖ സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു പ്രത്യേക റേറ്റ് കമ്മിറ്റി രൂപീകരിച്ചു.

അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ പെട്ടെന്ന് വലിയ മാറ്റങ്ങൾ ഉണ്ടായാൽ (50 ഡോളറിൽ അധികം വ്യത്യാസം വന്നാൽ), വൈകുന്നേരം 6:00 മണിക്ക് മുൻപായി വിലയിൽ മാറ്റം വരുത്താൻ ഈ സമിതിക്ക് അനുവാദമുണ്ടായിരിക്കും.

  വില നിർണയ സമിതി (Rate Committee) യിലെ പ്രധാന അംഗങ്ങൾ  
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) ഡോ. ബി. ഗോവിന്ദൻ,  കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പ്രതിനിധികളായ കെ. സുരേഷ്, അഡ്വ. എസ്. അബ്ദുൽ നാസർ,  കേരള ജ്വല്ലറി ഫെഡറേഷൻ (KJF) ഭാരവാഹികളായ ടി. എസ്. കല്ല്യാണരാമൻ, എം. പി. അഹമ്മദ്, രാജേഷ് കല്ല്യാൺ, നിഷാദ് മലബാർ,  കേരള ഗോൾഡ് ആൻഡ് സിൽവർ ഡീലേഴ്സ് അസോസിയേഷൻ (KGSDA) പ്രതിനിധി ഷാജു ചിറയത്ത് എന്നിവരാണ്.

 ഇതോടെ സ്വർണവിലയിൽ ആശയക്കുഴപ്പം ഇല്ലാതാകും.  മുൻപ് പല വലിയ ബ്രാൻഡുകളും ചെറിയ ജ്വല്ലറികളും വ്യത്യസ്ത നിരക്കുകൾ ഈടാക്കിയിരുന്ന അവസ്ഥയ്ക്ക് ഇതോടെ മാറ്റമാകും. കേരളത്തിൽ എവിടെപ്പോയാലും ഒരേ അടിസ്ഥാന വിലയിൽ സ്വർണം വാങ്ങാം. ഇതോടെ രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് കൃത്യമായ മാനദണ്ഡങ്ങളോടെ കമ്മിറ്റി വില നിശ്ചയിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് കൂടുതൽ വിശ്വസ്തതയോടെ സ്വർണം വാങ്ങാൻ സാധിക്കും.

കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി ചുങ്കം ഉയര്‍ത്തിയതിനെ തുടര്‍ന്ന് കേരളത്തിലെ സ്വര്‍ണ വ്യാപാര സംഘടനകള്‍ വില കുത്തനെ കൂട്ടിയിരുന്നു. പല സംഘടനകളും പല നിരക്ക് പിന്തുടര്‍ന്നത് ഉപഭോക്താക്കളിലും ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അസോസിയേഷനുകളുടെ സംയുക്ത സമ്മേളനം വിളിച്ച് വില ഏകീകരിക്കാന്‍ തീരുമാനമെടുത്തത്.

Kerala jewelry associations announce a unified gold rate across the state. Gold prices will now be updated only twice a day by a newly formed Rate Committee.

Share.
Leave A Reply

Exit mobile version