പ്രമുഖ ഇന്ത്യൻ വാണിജ്യ വാഹന നിർമ്മാതാക്കളായ അശോക് ലെയ്‌ലൻഡ്, പശ്ചിമേഷ്യൻ പ്രതിസന്ധികളെ തുടർന്ന് തങ്ങളുടെ യു.എ.ഇയിലെ റാസൽഖൈമ (RAK) പ്ലാന്റിൽ നേരിട്ട തടസ്സങ്ങൾ മാറി പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുന്നതായി അറിയിച്ചു. മാർച്ച് അവസാന വാരം മുതൽ ഏപ്രിൽ ആദ്യം വരെയുള്ള മൂന്ന് മുതൽ നാല് ആഴ്ചകളിൽ ഉത്പാദനത്തെയും വിതരണത്തെയും പ്രതിസന്ധി ബാധിച്ചിരുന്നെങ്കിലും ജൂൺ മാസത്തോടെ പ്ലാന്റ് പൂർണ്ണ ശേഷിയിൽ സജ്ജമാകുമെന്ന് കമ്പനി ചെയർമാൻ ധീരജ് ഹിന്ദുജ വ്യക്തമാക്കി.
ഗൾഫ്, ആഫ്രിക്കൻ വിപണികളിലേക്ക് വാഹനങ്ങൾ എത്തിക്കുന്ന പ്രധാന കയറ്റുമതി കേന്ദ്രമായ റാസൽഖൈമയിൽ കഴിഞ്ഞ വർഷം ഒൻപതിനായിരത്തിലധികം വാഹനങ്ങളാണ് നിർമ്മിച്ചിരുന്നത്. റാസൽഖൈമയിലെ പ്രവർത്തനങ്ങൾ സുസ്ഥിരമാക്കുന്നതിനൊപ്പം ജി.സി.സി (GCC) മേഖലയിലെ തങ്ങളുടെ ബിസിനസ്സ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയിൽ പുതിയ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതികളുമായി കമ്പനി മുന്നോട്ട് പോവുകയാണ്.
ഇതിനായുള്ള സൗദി സർക്കാരിന്റെ അനുമതികൾ ഇതിനകം ലഭിച്ചുകഴിഞ്ഞതായും പ്ലാന്റ് സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് കമ്പനിയെന്നും ധീരജ് ഹിന്ദുജ പറഞ്ഞു. അടുത്ത 18 മുതൽ 24 മാസങ്ങൾക്കുള്ളിൽ ഉത്പാദനം ആരംഭിക്കാൻ ലക്ഷ്യമിടുന്ന സൗദി പ്ലാന്റിൽ പ്രതിവർഷം കുറഞ്ഞത് 5,000 വാഹനങ്ങൾ നിർമ്മിക്കാനാണ് ആദ്യ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്.
Ashok Leyland is on track to set up a new manufacturing plant in Saudi Arabia to expand its GCC presence, while its Ras Al Khaimah (RAK) operations stabilize
