സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ കടുത്ത പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കി യു.ഡി.എഫ് സർക്കാർ നിയമസഭയിൽ ധവളപത്രം സമർപ്പിച്ചിരിക്കുകയാണ്. ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി. ഡി. സതീശനാണ് സഭയിൽ ധവളപത്രം അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപ കടന്ന പശ്ചാത്തലത്തിൽ വിരമിക്കൽ പ്രായം ഉയർത്തുക, സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കടുത്ത രാഷ്ട്രീയ തീരുമാനങ്ങൾക്ക് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

അധികാരമേറ്റയുടൻ സംസ്ഥാനത്തിന്റെ കൃത്യമായ സാമ്പത്തിക സ്ഥിതി വിലയിരുത്താൻ പുതിയ മന്ത്രിസഭ നിയോഗിച്ച വിദഗ്ദ്ധ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ധവളപത്രത്തിലെ പ്രധാന കണ്ടെത്തലുകളും നിർദ്ദേശങ്ങളും:

പെൻഷൻ പ്രായം വർദ്ധിപ്പിക്കൽ
നിലവിൽ കേരളത്തിലെ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 56 വയസ്സാണ്. ഇത് കേന്ദ്ര മാനദണ്ഡത്തിന് സമാനമായി ഉയർത്തണമെന്ന് ധവളപത്രം നിർദ്ദേശിക്കുന്നു. വിരമിക്കൽ പ്രായം ഓരോ വർഷം കൂട്ടുമ്പോഴും വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുന്ന വകയിൽ സംസ്ഥാനത്തിന് 6,000 കോടി രൂപ ലാഭിക്കാൻ സാധിക്കും. കൂടാതെ ശമ്പള പരിഷ്കരണ കമ്മീഷനുകൾ കേന്ദ്ര മാതൃകയിൽ പത്ത് വർഷത്തിലൊരിക്കൽ മതിയെന്ന നിർദ്ദേശവുമുണ്ട്.

സ്വകാര്യ നിക്ഷേപം
വിഭവങ്ങളുടെ കടുത്ത ദൗർലഭ്യം നേരിടുന്നതിനാൽ വൻതോതിൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാനുള്ള സാഹചര്യമൊരുക്കണം. വികസനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹരണ മേഖലയെയും കേന്ദ്ര പൊതുമേഖലാ നിക്ഷേപങ്ങളെയും പരമാവധി പ്രയോജനപ്പെടുത്തണം.

വരുമാനവും ചെലവും
കേരളത്തിന്റെ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി (Committed Expenditure) മാറുകയാണ്. ദേശീയ ശരാശരി 46 ശതമാനം മാത്രമായിരിക്കെയാണിത്. വികസന പ്രവർത്തനങ്ങൾക്കായി വരുമാനത്തിന്റെ കാൽഭാഗം പോലും തികച്ചു ലഭിക്കുന്നില്ല. 2025-26 വർഷത്തിൽ പലിശ ഇനത്തിൽ മാത്രം വരുമാനത്തിന്റെ 20.9% ചിലവഴിക്കേണ്ടി വന്നു.

കിഫ്ബിയുടെ ഭാവി
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ബജറ്റിന് പുറത്തുനിന്നുള്ള ഫണ്ട് ശേഖരണത്തിനായി രൂപീകരിച്ച കിഫ്ബിയുടെ (KIIFB) ഭാവിയിൽ സർക്കാർ അടിയന്തരമായി തീരുമാനമെടുക്കണം. കിഫ്ബിയെ ധനവകുപ്പിന്റെ ബജറ്റ് നിയന്ത്രണത്തിൽ കൊണ്ടുവരണമെന്നും സി.എ.ജി ഓഡിറ്റിന് വിധേയമാക്കണമെന്നും ധവളപത്രം ആവശ്യപ്പെടുന്നു.

വാർദ്ധക്യത്തിലേക്ക് നീങ്ങുന്ന കേരളം
2026-ഓടെ കേരളത്തിലും തമിഴ്‌നാട്ടിലും ജനസംഖ്യയുടെ 15 ശതമാനത്തിലധികം പേർ 60 വയസ്സിന് മുകളിലുള്ളവരാകുമെന്ന് റിസർവ് ബാങ്ക് (RBI) ഈ വർഷം ജനുവരിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇത് സാമൂഹിക സുരക്ഷാ ചെലവുകൾ ഇനിയും വർദ്ധിപ്പിക്കുമെന്നതിനാൽ കടുത്ത സാമ്പത്തിക പരിഷ്കരണങ്ങൾ അനിവാര്യമാണെന്ന് ധവളപത്രം അടിവരയിടുന്നു.

നിലവിൽ ക്ഷാമബത്ത (DA), ഡിഫേഡ് പെയ്‌മെന്റുകൾ ഉൾപ്പെടെ 48,733 കോടി രൂപയുടെ കുടിശ്ശിക ബാധ്യതയാണ് പുതിയ സർക്കാരിന് മുൻപിലുള്ളത്. ഇത് സംസ്ഥാനത്തിന്റെ വാർഷിക അറ്റ കടമെടുപ്പ് പരിധിക്ക് തുല്യമാണ്. പരിമിതമായ മൂലധനച്ചെലവ് (Capital Expenditure – 1.3%) മാത്രമുള്ള കേരളത്തിന് മുന്നോട്ടു പോകാൻ കർശനമായ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടി വരുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

Chief Minister V.D. Satheesan presents a financial white paper in the Kerala Assembly, proposing a retirement age hike and private investments to tackle a ₹5.07 lakh crore debt crisis.

Share.
Leave A Reply

Exit mobile version