കെ.എസ്.ആർ.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി സർവീസുകളില്‍ മാത്രമായി നടപ്പാക്കും.ആദ്യ 100 ദിനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതി അതിന് ശേഷം പിന്നീട് മറ്റ് ബസുകളിലേക്കും നടപ്പാക്കാനാണ് മുഖ്യമന്ത്രി വി.ഡി സതീശനും ഗതാഗത മന്ത്രി സിപി ജോണും തമ്മില്‍ നടത്തിയ ചർച്ചയില്‍ ധാരണയായത്. ഡൽഹിയിൽ ആരംഭിച്ചു പശ്ചിമ ബംഗാളിൽ ഈ മാസം നടപ്പാക്കിയ എട്ടു സംസ്ഥാനങ്ങളിൽ പ്രാബല്യത്തിൽ വന്ന ഈ പദ്ധതി അങ്ങനെ കേരളത്തിലും യാഥാർഥ്യമാകാൻ ഒരുങ്ങുന്നു. യുഡിഎഫ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ പദ്ധതി, വരാനിരിക്കുന്ന ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് ലക്ഷ്യമിടുന്നത്. സ്കൂൾ, കോളേജ് വിദ്യാർഥിനികള്‍, വനിതാ സംരംഭകർ, സർക്കാർ സ്വകാര്യ മേഖലയിലെ ജീവനക്കാർ , സാധാരണ തൊഴിലാളികള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് താങ്ങും തണലുമേകും ഈ പദ്ധതി .

ആദ്യ 100 ദിനങ്ങളിലെ പദ്ധതി അവലോകനം നടത്തിയാവും രണ്ടാം ഘട്ടം നടപ്പാക്കുക.ഫാസ്റ്റ് പാസഞ്ചർ ഉള്‍പ്പെടെയുള്ള ഉയർന്ന ശ്രേണിയിലുള്ള ബസുകളിലും ദീർഘദൂര സർവീസുകളിലും തുടക്കത്തിലേ സൗജന്യ യാത്ര അനുവദിക്കുന്നത് വലിയ പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്കും വരുമാന നഷ്ടത്തിനും കാരണമാകുമെന്ന് കെ.എസ്.ആർ.ടി.സി വിദഗ്ധ സമിതി വിലയിരുത്തിയിരുന്നു. പദ്ധതിയുടെ ആദ്യ 100 ദിവസങ്ങളില്‍ ഓർഡിനറി ബസുകളില്‍ സൗജന്യ യാത്ര പരിമിതപ്പെടുത്തി ഈ കാലയളവിലെ യാത്രാ രീതികളും പഠിച്ച ശേഷം, രണ്ടാം ഘട്ടത്തില്‍ മറ്റ് ബസുകളിലേക്ക് കൂടി ആനുകൂല്യം വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കും.
നഷ്ടത്തിലോടുന്ന കെഎസ്‌ആർടിസി കൂടുതല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമോ എന്ന ആശങ്കയാണ് ഉയരുന്നത്. ഓർഡിനറി ബസുകളില്‍ മാത്രം പദ്ധതി നടപ്പാക്കുമ്പോള്‍ പ്രതിമാസം ഏകദേശം 57 കോടി രൂപയുടെ അധിക ബാധ്യതയാണ് കെ.എസ്.ആർ.ടി.സി കണക്കാക്കുന്നത്. ഈ സാമ്പത്തിക നഷ്ടം എപ്രകാരം നികത്താമെന്നും ഫണ്ട് കണ്ടെത്താമെന്നും വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതോടെ ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന നഷ്ടം പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ സമാന പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഈ പദ്ധതിയിലേക്ക് കടന്നത് പശ്ചിമ ബംഗാള്‍ ആണ്. ജൂണ്‍ 1 മുതല്‍ അവിടെയുള്ള സർക്കാർ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭ്യമാക്കിക്കഴിഞ്ഞു.
ഇന്ത്യയില്‍ നിലവില്‍ ഡൽഹിയും പഞ്ചാബും അടക്കം എട്ട് സംസ്ഥാനങ്ങളിൽ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രാ സൗകര്യമുണ്ട്. വിദ്യാർഥിനികള്‍, ജോലി ചെയ്യുന്നവർ, സാധാരണ തൊഴിലാളികള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് ഈ പദ്ധതികള്‍ വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്.
ഡല്‍ഹി
സ്ത്രീകള്‍ക്കായുള്ള സൗജന്യ ബസ് യാത്രയില്‍ രാജ്യത്തിന് ആദ്യമായി മാതൃകയായി മാറിയത് ഡല്‍ഹിയാണ്. 2019ല്‍ ആരംഭിച്ച ‘പിങ്ക് ടിക്കറ്റ്’ പദ്ധതിയിലൂടെ ഡല്‍ഹി ട്രാൻസ്‌പോർട്ട് കോർപറേഷനും ക്ലസ്റ്റർ ബസുകളിലും ഡൽഹി നിവാസികളായ സ്ത്രീകള്‍ക്ക് പൂർണമായും സൗജന്യ യാത്ര ഉറപ്പാക്കി. മുൻകാലങ്ങളിൽ പിങ്ക് ടിക്കറ്റുകൾ നൽകിയാണ് ഈ സൗകര്യം ഉപയോഗിച്ചിരുന്നതെങ്കിലും, ഇപ്പോൾ ഇതിനായി ‘പിങ്ക് സഖേലി കാർഡ്’ (പിങ്ക് നാഷണൽ കോമൺ മൊബിലിറ്റി കാർഡ്) സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്.
തമിഴ്നാട് – ‘വിഡിയല്‍ പയനം തിട്ടം’
2021 മുതല്‍ തമിഴ്‌നാട്ടില്‍ ഓർഡിനറി ടൗണ്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭ്യമാണ്. ‘വിഡിയല്‍ പയനം തിട്ടം’ എന്ന പേരില്‍ ആരംഭിച്ച പദ്ധതി ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് ഗുണം ചെയ്തതായി സർക്കാർ വ്യക്തമാക്കിയിരുന്നു. സൗജന്യ യാത്രാ ബസുകള്‍ തിരിച്ചറിയാൻ പ്രത്യേക പിങ്ക് നിറവും നല്‍കിയിട്ടുണ്ട്.
കർണാടക – ‘ശക്തി’
2023 ജൂണില്‍ ആരംഭിച്ച ‘ശക്തി’ പദ്ധതിയിലൂടെ കർണാടകത്തില്‍ ലക്ഷ്വറി വിഭാഗത്തില്‍പ്പെടാത്ത സർക്കാർ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. ഇതിന് പുറമേ സർക്കാർ സ്കൂളുകളിലെ വിദ്യാർഥികള്‍ക്കും സൗജന്യ യാത്രാ സൗകര്യം സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്.
തെലങ്കാന – ‘മഹാലക്ഷ്മി’
‘മഹാലക്ഷ്മി’ പദ്ധതിയിലൂടെ 2023 ഡിസംബറില്‍ തെലങ്കാന സർക്കാർ സ്ത്രീകള്‍ക്കും ട്രാൻസ്‌ജെൻഡർ വ്യക്തികള്‍ക്കും എസി ഇതര സർക്കാർ ബസുകളില്‍ സൗജന്യ യാത്ര അനുവദിച്ചു. ആർടിസിയുടെ എക്‌സ്പ്രസ്, ഓർഡിനറി സർവീസുകളിലാണ് ഈ ആനുകൂല്യം ലഭിക്കുക.
പഞ്ചാബ്
2021 ഏപ്രില്‍ മുതല്‍ പഞ്ചാബില്‍ സർക്കാർ ഉടമസ്ഥതയിലുള്ള ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയുണ്ട്. ആധാർ കാർഡ് അല്ലെങ്കില്‍ വോട്ടർ ഐഡി പോലുള്ള തിരിച്ചറിയല്‍ രേഖകള്‍ കാണിച്ചാല്‍ യാത്രാ ആനുകൂല്യം ലഭിക്കും.
ആന്ധ്രാപ്രദേശ് – ‘സ്ത്രീ ശക്തി’
2025 ഓഗസ്റ്റില്‍ ആരംഭിച്ച ‘സ്ത്രീ ശക്തി’ പദ്ധതിയിലൂടെ ആന്ധ്രാപ്രദേശിലെ വനിതകള്‍ക്കും ട്രാൻസ്‌ജെൻഡർ വ്യക്തികള്‍ക്കും തിരഞ്ഞെടുത്ത എപിഎസ്‌ആർടിസി ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം. സംസ്ഥാനത്തെ സർക്കാർ ബസുകളുടെ ഭൂരിഭാഗത്തിലും ഈ സംവിധാനം നിലവിലുണ്ട്.
ജമ്മു കശ്മീർ
2025 ഏപ്രില്‍ മുതല്‍ ജമ്മു കശ്മീരില്‍ സ്ത്രീകള്‍ക്കും വിദ്യാർഥിനികള്‍ക്കും ആർടിസി ബസുകളിലും സ്മാർട്ട് സിറ്റി ഇ-ബസുകളിലും സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കി.
പശ്ചിമ ബംഗാള്‍
സ്ത്രീകള്‍ക്കായുള്ള സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച ഏറ്റവും പുതിയ സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. ജൂണ്‍ 1 മുതല്‍ സർക്കാർ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഏർപെടുത്തിയിട്ടുണ്ട്.
Chief Minister V.D. Satheesan and Transport Minister C.P. John finalized a plan to launch a free KSRTC bus travel scheme for women in Kerala starting June 15 on an initial 100-day trial basis.
