രാജസ്ഥാനിലെ ജോധ്പൂർ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വിനോദസഞ്ചാരം, വ്യാപാരം, പ്രാദേശിക വ്യോമഗതാഗത കണക്റ്റിവിറ്റി എന്നിവ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അത്യാധുനിക പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) 480 കോടി രൂപ ചിലവിൽ നിർമ്മിച്ച ഈ പുതിയ ടെർമിനലിന് പ്രതിവർഷം 20 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്.

മാർവാഡിന്റെ പാരമ്പര്യ വാസ്തുവിദ്യയും ആധുനിക സൗകര്യങ്ങളും സമന്വയിപ്പിച്ചാണ് ഈ കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതോടൊപ്പം രാജ്യത്തുടനീളം കുറഞ്ഞ ചിലവിലുള്ള വ്യോമയാനം സാധ്യമാക്കുന്നതിനായി 28,840 കോടി രൂപയുടെ പുതുക്കിയ ‘മോഡിഫൈഡ് ഉഡാൻ’ (Modified UDAN) പദ്ധതിയും പ്രധാനമന്ത്രി ജോധ്പൂരിൽ വെച്ച് പ്രഖ്യാപിച്ചു. അടുത്ത പത്ത് വർഷത്തിനുള്ളിൽ 100 വിമാനത്താവളങ്ങൾ വികസിപ്പിക്കാനും വിദൂര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനായി 200 ആധുനിക ഹെലിപാഡുകൾ നിർമ്മിക്കാനും ഈ നവീകരിച്ച പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നു.
ബലോത്രയിൽ ഏകദേശം 1.06 ലക്ഷം കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ സമർപ്പണവും ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവ്വഹിച്ചു. പെട്രോകെമിക്കൽസ്, നഗര ഗതാഗതം, റെയിൽവേ, റോഡുകൾ, പുനരുപയോഗ ഊർജ്ജം, പവർ ട്രാൻസ്മിഷൻ ഉൾപ്പെടെയുള്ള വിവിധ മേഖലകളിലെ പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്. രാജ്യത്തെ ഊർജ്ജ-പെട്രോകെമിക്കൽ മേഖലയിലെ ഒരു സുപ്രധാന നാഴികക്കല്ലായി, ബാലോത്രയിലെ പച്പദ്രയിൽ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് ഇന്റഗ്രേറ്റഡ് റിഫൈനറി കം പെട്രോകെമിക്കൽ കോംപ്ലക്സ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (HPCL) രാജസ്ഥാൻ സർക്കാരും സംയുക്തമായി, 79,450 കോടിയിലധികം രൂപയുടെ നിക്ഷേപത്തിൽ നിർമ്മിച്ച ഈ ഗ്രീൻഫീൽഡ് റിഫൈനറിക്ക് പ്രതിവർഷം 9 മില്യൺ മെട്രിക് ടൺ (MMTPA) ഉത്പാദന ശേഷിയുണ്ട്.
PM Narendra Modi inaugurated Jodhpur Airport’s new terminal built at ₹480 crore and launched the ₹28,840 crore Modified UDAN scheme alongside a mega greenfield refinery.
