റെയിൽവേ, വ്യോമയാനം, ഡ്രോൺ (UAV) സാങ്കേതികവിദ്യ, നിർണ്ണായക ധാതുക്കൾ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാനും വ്യാവസായിക ബന്ധം കൂടുതൽ ദൃഢമാക്കാനും ലക്ഷ്യമിട്ട് ഇന്ത്യയും റഷ്യയും ഉന്നതതല ചർച്ചകൾ നടത്തി. ന്യൂഡൽഹിയിലെ വാണിജ്യ ഭവനിൽ നടന്ന ഇന്ത്യ-റഷ്യ മോഡേണൈസേഷൻ ആൻഡ് ഇൻഡസ്ട്രിയൽ കോഓപ്പറേഷൻ വർക്കിങ് ഗ്രൂപ്പിന്റെ 12ആമത് സെഷനിലാണ് ഇരുരാജ്യങ്ങളും പുരോഗതി വിലയിരുത്തിയത്. ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT) സെക്രട്ടറി അമർദീപ് സിംഗ് ഭാട്ടിയയും റഷ്യൻ ഡെപ്യൂട്ടി ഇൻഡസ്ട്രി ആന്റ് ട്രേഡ് മിനിസ്റ്റർ അലക്സി ഗ്രുസ്ദേവും യോഗത്തിന് സഹ-അധ്യക്ഷത വഹിച്ചു.

വന്ദേ ഭാരത് ട്രെയിൻ പദ്ധതി, റെയിൽവേ സിഗ്നലിങ് അടിസ്ഥാന സൗകര്യ വികസനം, റഷ്യയുടെ പാസഞ്ചർ വിമാനമായ SJ-100, വിമാന എഞ്ചിനുകൾ എന്നിവയുടെ സംയുക്ത ഉൽപ്പാദനം എന്നിവയിൽ ഇരുരാജ്യങ്ങളും താല്പര്യം പ്രകടിപ്പിച്ചു. പാരമ്പര്യേതര മേഖലകളിലേക്ക് വ്യാവസായിക പങ്കാളിത്തം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഡ്രോൺ സാങ്കേതികവിദ്യകൾ, 3D പ്രിന്റിംഗ്, കാർബൺ-ഫൈബർ സാങ്കേതികവിദ്യകൾ, പ്രൊപ്പൽഷൻ സിസ്റ്റങ്ങൾ എന്നിവയും യോഗത്തിൽ ചർച്ചയായി.
കൂടാതെ, ഊർജ്ജ-ഖനന മേഖലകളിൽ നിർണ്ണായകമായ ലിഥിയം ഖനനം, റെയർ ഏർത്ത് എലമെന്റ് പര്യവേക്ഷണം, ടൈറ്റാനിയം സാങ്കേതികവിദ്യ, അലുമിനിയം ഉൽപ്പാദനം എന്നിവയിലെ സഹകരണവും വിലയിരുത്തി. കാർഷിക മേഖലയ്ക്ക് ആവശ്യമായ രാസവള വിതരണവും യൂറിയ ഉൽപ്പാദനത്തിനായുള്ള സംയുക്ത സംരംഭങ്ങളും ചർച്ചകളിൽ ഉൾപ്പെട്ടു. സാമ്പത്തിക, സാങ്കേതിക ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുമെന്ന കരാറിൽ ഒപ്പുവെച്ചുകൊണ്ടാണ് 60ഓളം പ്രതിനിധികൾ പങ്കെടുത്ത സുപ്രധാന യോഗം അവസാനിച്ചത്.
India and Russia expand industrial ties across railways, aerospace, UAVs, and critical minerals at the 12th Working Group Session in New Delhi
